മുംബൈ: സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുത്ത ടെക്ക് മഹീന്ദ്ര വീണ്ടും വന്‍തോതില്‍ ഏറ്റെടുക്കലുകള്‍ക്ക് ഒരുങ്ങുന്നു. കമ്പനിയുടെ കൈവശം 3,000 കോടി രൂപയുടെ നീക്കിയിരുപ്പുണ്ട്. ഈ കരുതല്‍ധനം ഉപയോഗിച്ച് ഏറ്റെടുക്കല്‍ നടത്താനാണ് പദ്ധതി.
ഈ വര്‍ഷം കമ്പനി ഇതിനോടകം നാലു ചെറുകമ്പനികളെ ഏറ്റെടുത്തിരുന്നു. അമേരിക്കയില്‍ നിന്നുള്ള കമ്പനികളാണ് ഇവ.
സത്യം കമ്പ്യൂട്ടേഴ്സിനെ ടെക്ക് മഹീന്ദ്രയില്‍ ലയിപ്പിക്കുന്ന നടപടിക്രമങ്ങള്‍ ഏതാനും മാസം മുമ്പ് പൂര്‍ത്തിയാക്കി. ഇതോടെ ‘സത്യം’ എന്ന ബ്രാന്‍ഡ് അപ്രത്യക്ഷമാകുകയും ചെയ്തു. ടെക്ക് മഹീന്ദ്രയ്ക്ക് പുതിയ വന്‍കിട ഓര്‍ഡറുകള്‍ ലഭിക്കാന്‍ ഇതു സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടെക്ക് മഹീന്ദ്ര മഹീന്ദ്ര സത്യം ലയനം പൂര്‍ത്തിയായതോടെ ഏതാണ്ട് 300 കോടി ഡോളറാണ് കമ്പനിയുടെ വരുമാനം. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇതു 500 കോടി ഡോളറിലെത്തിക്കാനാണ് ടെക്ക് മഹീന്ദ്ര ലക്ഷ്യമിട്ടിരിക്കുന്നത്. ഇപ്പോഴത്തെ 21 ശതമാനം വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ 2015 ഓടെ വരുമാനം ഏതാണ്ട് 400 കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. അപ്പോഴും 100 കോടിയുടെ കുറവുണ്ട്. ഏറ്റെടുക്കലിലൂടെ അതു പരിഹരിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ എന്നിവയ്ക്ക് 500 കോടി ഡോളറിന് മുകളില്‍ വാര്‍ഷിക വരുമാനമുണ്ട്. എച്ച്സിഎല്‍ ടെക്നോളജീസിന് 430 കോടി ഡോളറും. ഈ നിരയിലേക്ക് ഉയരുന്നതിനാണ് ടെക്ക് മഹീന്ദ്ര 500 കോടിയുടെ വരുമാനം ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: