കൊല്ലം: ഒക്ടോബര്‍ 29 ന് കൊല്ലത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മുന്നോടിയായി സ്ക്രീനിംഗ് കമ്മിറ്റി 19 ന് നടക്കും.
കളക്ടറേറ്റ് സമ്മേളനഹാളില്‍ രാവിലെ ഒമ്പതുമുതല്‍ തൊഴില്‍ മന്ത്രി ഷിബുബേബിജോണിന്റെ അധ്യക്ഷതയിലാണ് യോഗം. ജില്ലാതല ഉദ്യോഗസ്ഥര്‍ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് അവരവരുടെ വകുപ്പുകളില്‍ ലഭിച്ച അപേക്ഷകളുടെ കണക്കും വിശദവിവരങ്ങളുമായി എത്തണം.
കമ്മിറ്റിയില്‍ എത്തുമ്പോള്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ മുന്‍ഗണനാ ക്രമത്തിലും മുഖ്യമന്ത്രിയുടെ ശ്രദ്ധ നേരിട്ട് പതിയേണ്ടവ പ്രത്യേകമായും കൊണ്ടുവരണം. സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുമെന്നും ജില്ലാതല ഉദ്യോഗസ്ഥര്‍ പ്രത്യേകം പ്രത്യേകം വിശദമായ റിപ്പോര്‍ട്ടുകളുമായി വേണം പരിപാടിയില്‍ എത്താനെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 10820 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആയി മാറ്റുന്നതിനാണ് 3812. തൊട്ടടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ള സാമ്പത്തിക സഹായത്തിനായി 2094 പരാതികളും വീടിനും സ്ഥലത്തിനുമായി 1132 പരാതികളും മറ്റുസേവനങ്ങള്ക്കായി 1421 പരാതികളും ജോലിക്കുവേണ്ടി 654 പരാതികളും വിവിധ വകുപ്പുകളിലായി 1707 പരാതികളുമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: