വാഷിങ്ങ്ടണ്‍: രക്തം ഭക്ഷിച്ച് ജീവിക്കുന്ന ഇന്നത്തെ കൊതുകുകളുടെ പൂര്‍വിക കുടുംബത്തില്‍പ്പെട്ട കൊതുകിന്റെ ഫോസില്‍ കണ്ടെത്തി. 46 ദശലക്ഷത്തോളം വര്‍ഷം പഴക്കമുള്ള ഫോസിലാണ് ഇതെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഡിനോസറുകളുടെ കാലത്താണ് കൊതുക് ജീവിച്ചിരുന്നതെന്നാണ് അനുമാനം. ഏതായാലും ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ലോകത്തിലെ ആദ്യത്തെ കൊതുകിന്റെ ഫോസിലാണിത്.
രക്തം കുടിച്ചുകൊണ്ടിരുന്നപ്പോഴുള്ള ആകൃതിയിലാണ് ഫോസില്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും മൃഗത്തിന്റെ ശരീരത്തിലിരുന്ന് രക്തം കുടിച്ചുകൊണ്ടിരിക്കെ മേറ്റ്ന്തെങ്കിലും കാരണത്താല്‍ മൃഗം ചതുപ്പ് പോലുള്ള പ്രതലത്തില്‍ മരിച്ച് വീഴുകയും അതിനിടയില്‍ കൊതുക് പെട്ടതാകാമെന്നുമാണ് കരുതുന്നത്. ഒരു കടലാസിന്റെ വണ്ണം മാത്രമേ ഫോസിലിനുള്ളു.
പാലിയോ ബയോളജിസ്റ്റ് ഡോ. ഡാലി ഗ്രീന്വാള്ട്ട്, നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകന് സ്മിത്ത്സോന്യന്സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫോസിലിനെക്കുറിച്ചുള്ള ഗവേഷണം പുരോഗമിക്കുന്നത്. ഏത് ജീവിയുടെ രക്തമാണ് കുടിച്ചതെന്നറിയാന് പരിശോധനകള്‍ നടന്നുവരികയാണ്. ഏതായാലും ഈ ഫോസിലിന്റെ കണ്ടെത്തല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ജീവികളെക്കുറിച്ചും അവയുടെ വിശദമായ പഠനത്തിലേക്കും വെളിച്ചം വീശും.
ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് രക്തം ഭക്ഷണമാക്കിയ 14,000 തോളം ഷഡ്പദങ്ങള്‍ ഭൂമിയില്‍ ഉണ്ടായിരുന്നെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇതുവരെ ഇവയുടെ ഫോസിലുകളൊന്നും കണ്ടെത്തിയിട്ടില്ലതാനും. കുലീസീറ്റാ ലിംനിസ്കാറ്റാ എന്ന വര്‍ഗത്തില്‍പ്പെട്ട പെണ്‍കൊതുകിന്റെ ഫോസിലാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ കൊതുകിന്റെ ആണ് വര്‍ഗത്തെ കുലീസീറ്റാ കിഷ്ഹെനിഹിന് എന്നാണ് പറയുന്നത്.പെണ്‍വര്‍ഗത്തില്‍പ്പെട്ട കൊതുകു മാത്രമെ രക്തം ആഹാരമായി സ്വീകരിക്കാറുള്ളു.
മനുഷ്യന് മുമ്പ് ഭൂമി അടക്കിവാണിരുന്ന ഭീമന് ജീവികളാണ് ദിനോസറുകള്‍. ഇവയില്‍ പറക്കുന്നതും നടക്കുന്നതും ഇഴയാന്‍ സാധിക്കുന്നതുമായ നിരവധി ദിനോസറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദിനോസറുകളുടെ രൂപങ്ങളെയും ആ കാലഘട്ടത്തെയും നിര്‍വചിക്കാന്‍ സാധിച്ചത് അവയുടെ ഫോസിലുകളുടെ അടിസ്ഥാനത്തിലാണ്. ഇതുപോലെ ശാസ്ത്രലോകത്തിന് കൊതുകിന്റെ ഫോസിലും ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: