ന്യൂദല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്ബന്ധമില്ലെന്ന ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിന് വിധി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും വിധിയില്‍ വ്യക്തത വരുത്തണമെന്നുമാണ് അതോറിറ്റിയുടെ ആവശ്യം.
സര്‍ക്കാരിന്റെ നയപരമായ തീരുമാന പ്രകാരമാണ് ആധാര്‍ കാര്‍ഡുകള്‍ നല്കാന് അഥോറിറ്റിയെ ചുമതലപ്പെടുത്തിയത്. ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും പൗരത്വത്തിനുള്ള രേഖയല്ലെന്നും അഥോറിറ്റി നല്കിയ അപേക്ഷയില്‍ പറയുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്ന കോടതിയുടെ ഉത്തരവ് പാലിക്കേണ്ടത് പൗരത്വം പരിശോധിക്കുന്ന സമിതികളാണ്.
കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് കാര്‍ഡ് അനുവദിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ പദ്ധതിയില്‍ കടന്ന് കൂടിയിട്ടുള്ളതായി ഇതുവരെയും പരാതി ഉയര്‍ന്നിട്ടില്ല.53 കോടി ജനങ്ങളുടെ പേര് ചേര്‍ത്തിട്ടും ആധാറിനായി സ്വീകരിച്ച രീതി ശാസ്ത്രത്തില്‍ പോരായ്മയുണ്ടെന്ന് തെളിയിക്കാനായിട്ടില്ല. ചില ചെറിയ സംഭവങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാരിന്റെ പരിഷ്ക്കരണ നടപടികള്‍ റദ്ദാക്കാനാകില്ലെന്നും തിരിച്ചറിയല്‍ അഥോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആധാര്‍ കാര്‍ഡിനെതിരായ സെപ്തംബര്‍ 23ലെ ഇടക്കാല ഉത്തരവില്‍ വ്യക്തത വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: