ചെന്നൈ: ആയുധങ്ങളും വെടിക്കോപ്പുകളുമായി അനധികൃതമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തി തൂത്തുക്കുടിയില്‍ വച്ച് ഇന്ത്യന്‍ സുരക്ഷാ സൈന്യം പിടികൂടിയ അമേരിക്കന്‍ കപ്പലിനെ കുറിച്ച് ദുരൂഹതയേറുന്നു. അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനിയായ അഡ്വാന് ഫോര്‍ട്ട് എന്ന കപ്പലാണ് സൈന്യം പിടികൂടിയത്. എന്നാല്‍ ഇത് അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരകപ്പലാണോയെന്ന സംശയവും വര്‍ധിച്ചിട്ടുണ്ട്.
2013 മാര്‍ച്ചില്‍ അമേരിക്കയിലെ ഒരു കോടതി ഈ കപ്പലിനെ വിലക്കിയിരുന്നു. വ്യക്തികള്‍ക്ക് ആയുധം വാങ്ങാനുള്ള ലൈസന്‍സ് ഉപയോഗിച്ച് ആയുധങ്ങള്‍ ശേഖരിച്ച് വിദേശത്തേക്ക് കടത്തി വില്‍ക്കുന്നതിനെയാണ് കോടതി അന്ന് വിലക്കിയിരുന്നത്. 2012ല്‍ ആയുധവുമായി ഈ കപ്പലിനെ ആഫ്രിക്കയിലെ എരിത്രയില് അവിടുത്തെ സുരക്ഷാ സേന തടഞ്ഞിരുന്നു. സീമാന്‍ ഗാര്‍ഡ് ടെക്വാപാര്ക്ക് എന്നായിരുന്നു അന്ന് ഈ കപ്പലിന്റെ പേര്. പിന്നീട് ഇത് സീമാന്‍ ഗാര്‍ഡ് ഒഹിയോ എന്നാക്കി.
അനധികൃത കമ്പനികളില്‍ നിന്ന് ആയുധം ശേഖരിക്കുകയും തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമ പ്രകാരമുള്ള വേതനം നല്‍കാതിരിക്കുകയും ചെയ്തിരുന്നതായി അന്ന് അമേരിക്കന്‍ കോടതി കണ്ടെത്തിയിരുന്നു. പലതും ബ്ലാക്ക് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ആയുധങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ കോടതി കപ്പലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനാലാണ് ഇവര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തത്.
വെള്ളിയാഴ്ച പിടികൂടിയ കപ്പലിന്റെ ലൈസന്‍സ് ഹാജരാക്കാന്‍ ഇതുവരെ ഷിപ്പിങ് കമ്പനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഷിപ്പിങ് കമ്പനി ഇറക്കിയിരിക്കുന്ന പ്രസ്താവന ഏറെ വിചിത്രമാണ്. ഈയിടെയുണ്ടായ ഫൈലിന് ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപെടാന്‍ ഇന്ത്യന്‍ തുറമുഖത്തേക്ക് കപ്പല്‍ അടുപ്പിച്ചതാണെന്നും അതിന് ഇന്ത്യ അനുമതി നല്‍കിയെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. ഇന്ധനവും വെള്ളവും നിറയ്ക്കാന്‍ ഇന്ത്യയുടെ അനുമതി ലഭിച്ചതായും ഇതിന് ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡിന് നന്ദിയും രേഖപ്പെടുത്തുന്നുണ്ട്. പ്രസ്താവനയില്‍ ഇന്ത്യയില്‍ കപ്പല്‍ തടഞ്ഞിട്ടതായി പറയുന്നില്ല. കപ്പല്‍ സുരക്ഷിതമായി തിരികെ പോകുമെന്ന പ്രതീക്ഷയും രേഖപ്പെടുത്തുന്നുണ്ട്.
ആയുധങ്ങള്‍ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് ഇറക്കാന്‍ കൊണ്ടുവന്നതാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. രേഖകളില്ലാതെ ആയുധങ്ങള്‍ കടത്തുന്നതിനിടെ പല രാജ്യങ്ങളിലും ഇവര്‍ പിടിക്കപ്പെട്ടിട്ടുള്ളതാണ്. ഒരുമാസം മുമ്പ് കേരളത്തിന്റെ തീരപ്രദേശത്തും ഈ കപ്പല്‍ കണ്ടിരുന്നതായും പറയപ്പെടുന്നു. കൊച്ചി, ആലപ്പുഴ തീരപ്രദേശത്താണ് ഈ കപ്പല്‍ കണ്ടത്. എന്നാല്‍ അന്നത്തെ പരിശോധനാ സമായത്ത് ആയുധങ്ങള്‍ കണ്ടെത്തിയിരുന്നില്ല. അറബികളായ സമീര്‍ സരജല, മകന് അഹമ്മദ് എന്നിവരാണ് അഡ്വാന് ഫോര്‍ട്ട് കമ്പനിയുടെ പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: