കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ളിം ജമാഅത്ത് ഖാസിയായി പ്രൊഫ.ആലിക്കുട്ടി മുസ്ള്യാര് സ്ഥാനമേല്‍ക്കാനിരിക്കെ ഒരു വിഭാഗം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. ‘നിഴല്‍ ഖാസി’ മാരായി ഭരണം നടത്താന്‍ കച്ചകെട്ടിയിറങ്ങിയവരുടെ തീരുമാനമാണ് ആലിക്കുട്ടി മുസ്ള്യാരെ തെരഞ്ഞെടുത്തതിനുപിന്നിലെന്നും ഇവരെ സമുദായം ഉറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുസ്ളിം യുവജന സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണം തുടങ്ങി. കീഴ്വഴക്കങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് പുതിയഖാസിയെ തെരഞ്ഞെടുത്തതെന്നും അതിനെ നിയമനം എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും സംയുക്ത സമിതിയുടെ ലഘുലേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുപതിലധികം മഹല്ല് കമ്മറ്റികളെ ഖാസി നിയമന യോഗത്തെപ്പറ്റി അറിയിക്കുക പോലുമുണ്ടായില്ല. ഉന്നതാധികാര സമിതിയായ തളങ്കര ജമാഅത്ത് കൗണ്‍സിലിനെ ചിലര്‍ ഹൈജാക്ക് ചെയ്താണ് ഈ നെറികെട്ട പ്രവര്‍ത്തനം നടത്തിയത്. കാസര്‍കോട് തന്നെ പ്രഗത്ഭര്‍ ഉള്ളപ്പോള്‍ പുറത്തുനിന്നും ഖാസിയെ ഇറക്കുമതി ചെയ്തതും ലഘുലേഖയില്‍ ചോദ്യം ചെയ്യുന്നു. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പുതിയ ഖാസി കാസര്കോട്ടുണ്ടാവുക. നിഴല്‍ ഖാസിമാരായി ഭരണം നടത്താന്‍ ഇറങ്ങിയവരാണ് ഈ തീരുമാനത്തിനുപിന്നില്‍. സംയുക്ത ജമാഅത്തില്‍ പരാജയമെന്ന് കണ്ടവര്‍ മാറി നില്‍ക്കണമെന്നും പള്ളികളെ പകപോക്കാനുള്ള ആസ്ഥാനമാക്കരുതെന്നും ലഘുലേഖയില്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് പുതിയ ഖാസി സ്ഥാനമേല്‍ക്കുക. ഇത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ എതിര്‍പ്പുയരുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഖാസിയെ ഞങ്ങള്‍ തീരുമാനിച്ചോളാം എന്നായിരുന്നു കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: