പത്തനാപുരം: മദ്യപാനിയും സംശയരോഗിയുമായ ഭര്‍ത്താവിന്റെ ക്രൂരപീഡനം സഹികെട്ട് നാടുവിട്ട യുവതിയുടെ അനാഥരായ നാലു കുഞ്ഞുങ്ങള്‍ക്ക് ഗാന്ധിഭവന് അഭയമായി. പത്തനാപുരം പന്തപ്ലാവ് കുന്നുംപുറത്ത് താഴതില്‍ ശാലിനിയുടെ മക്കളായ രോഷ്ണി (13), അരുണ്‍ (7), അഖില്‍ (6), നിഖില്‍ (5) എന്നിവര്‍ക്കാണ് ഗാന്ധിഭവന് തുണയായത്. പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ രോഷ്ണി പഠനത്തില്‍ സമര്‍ത്ഥയാണ്. പിടവൂര്‍ യു.പി. സ്കൂളില്‍ ഒന്നും രണ്ടും മൂന്നും ക്ലാസുകളിലാണ് ഇളയ മൂന്നു കുട്ടികള്‍ പഠിക്കുന്നത്.
മദ്യത്തിനും കഞ്ചാവിനും അടിമയായ രമേഷ്ബാബു ഭാര്യയെയും കുഞ്ഞുങ്ങളെയും നിരന്തരം ക്രൂരമായി പീഡിപ്പിക്കുക പതിവാണ്. വിവാഹശേഷം ഉപേക്ഷിച്ചുപോയ ഇയാള്‍ അഞ്ചുവര്‍ഷത്തിനു ശേഷം മടങ്ങിയെത്തി ഉപദ്രവം തുടരുകയായിരുന്നു. ഇതേ സംബന്ധിച്ച് പത്തനാപുരം പോലീസില്‍ ഒട്ടേറെ കേസുകള്‍ ഉള്ളതാണ്. ഉപദ്രവം സഹിക്കാനാവാതെ രണ്ടാഴ്ചമുമ്പ് വീടുവിട്ടുപോയ ശാലിനിയെക്കുറിച്ച് യാതൊരു വിവരവുമില്ല. രമേശ്ബാബു ഒളിവിലുമാണ്. അനാഥരായ കുഞ്ഞുങ്ങള്‍ ശാലിനിയുടെ മാതാവ് കല്യാണിയുടെ സംരക്ഷണയിലായി. നാട്ടുകാരുടെ സഹായത്താല്‍ കഴിയുന്ന നിത്യരോഗിയും വിധവയുമായ കല്യാണിക്ക് കുഞ്ഞുങ്ങളുടെ സംരക്ഷണം സാധ്യമാകാതെ വന്നപ്പോള്‍ ബ്ലോക്ക് പഞ്ചായത്തംഗം ജി. രാധാമോഹനനെ സമീപിക്കുകയായിരുന്നു.
അദ്ദേഹം പത്തനാപുരം പോലീസുമായി ബന്ധപ്പെടുകയും തുടര്‍ന്ന് കുഞ്ഞുങ്ങളെ പോലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. എസ്.ഐ.ആര്.വിജയന്റെ ശുപാര്‍ശ പ്രകാരം ഗാന്ധിഭവന് വൈസ്ചെയര്‍മാന്‍ പി.എസ്.അമല്‍രാജ്, അസി.സെക്രട്ടറി ജി.ഭുവനചന്ദ്രന്, സി.ഇ.ഒ.ഗോപിനാഥ് മഠത്തില്‍, മണികണ്ഠന് എന്നിവരെത്തി പത്തനാപുരം പോലീസ് സ്റ്റേഷനില്‍ നിന്നും കുട്ടികളെ ഗാന്ധിഭവനിലേക്ക് ഏറ്റെടുക്കുകയായിരുന്നു. അച്ഛന് അനിയന്മാരെ നെഞ്ചില്‍ ചവിട്ടുകയും കരണത്ത് അടിക്കുകയും എടുത്ത് എറിയുകയുമൊക്കെ ചെയ്യുമെന്നും താന്‍ ഓടി രക്ഷപ്പെടാറാണ് പതിവെന്നും രോഷ്ണി പറഞ്ഞു. പിതാവിനെ തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും ഭയമാണെന്നും, അമ്മയില്ലാത്ത സാഹചര്യത്തില്‍ അച്ഛന് തന്നെ ഉപദ്രവിക്കുമെന്നും തങ്ങളെ ഇനി എങ്ങോട്ടും വിടരുതെന്നും രോഷ്ണി പറയുന്നു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കി ഗാന്ധിഭവനില്‍ സംരക്ഷിക്കുമെന്ന് സെക്രട്ടറി പുനലൂര്‍ സോമരാജന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: