കൊല്ലം: കൊല്ലം-തിരുവനന്തപുരം പാതയില്‍ മേവറം മുതല്‍ കാവനാട് വരെ നീളുന്ന നിര്‍ദിഷ്ട കൊല്ലം ബൈപ്പാസിന്റെ നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ തീര്‍ക്കുന്നു. ഇതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കല്ലുംതാഴം മുതല്‍ കാവനാട് വരെയുള്ള ഭാഗത്തെ റോഡ് പണിക്കായി 230 കോടി രൂപ ആദ്യഘട്ടമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. മേവറം മുതല്‍ കാവനാട് വരെ 13 കിലോമീറ്ററാണ് ബൈപ്പാസ് വരുന്നത്. നഗരത്തിലെ ഗതാഗാതക്കുരുക്കില് പെടാതെ തിരുവനന്തപുരത്തേക്ക് വാഹനയാത്ര സുഗമമാക്കാന്‍ ബൈപ്പാസ് വരുന്നതോടെ കഴിയും. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുമെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടതായിവരും. ഇതിനായുള്ള ടോള്‍ഗേറ്റ് ആല്‍ത്തറമൂട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിനായി ദേശീയപാതാവിഭാഗം ചീഫ് എഞ്ചിനീയറടക്കമുള്ള ഉദ്യോഗസ്ഥസംഘം കഴിഞ്ഞ ദിവസം ആല്‍ത്തറമൂട്ടിലെത്തി പരിശോധിച്ചു.
രണ്ടാം ഘട്ട നിര്‍മാണപ്രവര്‍ത്തനത്തില്‍ എട്ടര കിലോമീറ്റര്‍ റോഡാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതില്‍ കല്ലുംതാഴം ദേശീയപാതയില്‍ ഫ്ലൈഓവറും നിര്‍ദിഷ്ട കൊല്ലം-തേനി പാത കടന്നുപോകുന്ന കടവൂരില്‍ അണ്ടര്‍പാസും ആലോചിക്കുന്നുണ്ട്. 800 മീറ്റര്‍ നീളമുള്ള പാലമാണ് കണ്ടച്ചിറയില്‍ നിര്‍മിക്കുക. അരവിളയിലൂടെയാണ് 600 മീറ്ററിന്റെ മറ്റൊരു പാലം കടന്നുപോകുന്നത്.
കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അമ്പത് ശതമാനം വീതം തുക ചെലവഴിച്ചാണ് ബിഒടി വ്യവസ്ഥയില്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള പാതയിലൂടെ ഇപ്പോല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ വാഹനഗതാഗതം പൂര്ണമാകാന് കാവനാട് വരെയുള്ള ഭാഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒറ്റഘട്ടമായി കല്ലുംതാഴം മുതല്‍ കാവനാട് വരെയുള്ള ഭാഗത്തെ നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ദേശീയപാതാവിഭാഗം ഉദ്ദേശിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്ത മൂലം മുന്‍കാലങ്ങളില്‍ റോഡ് നിര്‍മാണത്തെ ബാധിച്ചത് ബൈപ്പാസിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്ന നിഷ്കര്‍ഷതയോടെയാണ് മുന്നോട്ടുപോകുന്നത്.
നേരത്തെ രണ്ടാം ഘട്ടം പണികള്‍ ഒക്ടോബറില്‍ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ പാരിസ്ഥിതിക അനുമതിക്കായി കാത്തിരിക്കേണ്ടിവന്നതിനാല്‍ തുടങ്ങാനായില്ല.
1972ലാണ് കൊല്ലം നഗരത്തിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാനും അപകടകരമായ യാത്രക്ക് പരിഹാരമായും ബൈപ്പാസ് നിര്‍മാണം എന്ന ആശയം ഉണ്ടായത്. വളര്‍ന്നുവരുന്ന നഗരത്തിന്റെ തിരക്കും വാഹനങ്ങളുടെ ബാഹുല്യവും സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും വര്‍ദ്ധനവും ബൈപ്പാസ് അത്യന്താപേക്ഷിതമാക്കി. 13 കിലോമീറ്റര്‍ വരുന്ന രണ്ടുവരിപാതയാണ് വിഭാവനം ചെയ്തത്. എന്നാല്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയായിട്ടും പണിതീരാത്ത വീട് പോലെയായി കിടക്കാനായിരുന്നു ബൈപ്പാസിന്റെ വിധി. ഈ ആവശ്യത്തിലേക്ക് സ്ഥാലം കട്ടുത്തവരും വെട്ടിലായി. എന്ത് ചെയ്യണമെന്ന് അറിയാതെ ഓഫീസുകള്‍ തോറും കയറിയിറങ്ങി നിവേദനങ്ങള്‍ കൊടുത്തത് മാത്രമായിരുന്നു മിച്ചം.
2010 ഡിസംബറില്‍ സ്ഥലം എംപിയായ പീതാംബരക്കുറുപ്പ് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് കൊല്ലം ബൈപ്പാസിന്റെ പൂര്‍ത്തിയാക്കേണ്ട നിര്‍മാണം രണ്ടുവരിയില്‍ തീര്‍ക്കാന്‍ ദേശീയപാതാവിഭാഗം തീരുമാനിച്ചത്. 230 കോടി രൂപ അടങ്കല്‍ വരുന്ന ബൈപ്പാസിന്റെ ശേഷിക്കുന്ന പണി പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള 153 കോടി രൂപയുടെ സഹായത്തിനും എംപിക്ക് ഉറപ്പ് കിട്ടി. ഈ തുക ലഭ്യമായിട്ടും അതുപോരെന്ന നിലപാടാണ് ദേശീയപാതാവിഭാഗം പിന്നീട് മുന്നോട്ടുവച്ചത്.
രണ്ടുവരിയില്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം അനുവദിച്ച 153 കോടി രൂപക്ക് പുറമേ ബിഒടിയായി 300 കോടി രൂപ കൂടി ചേര്‍ത്ത് ആകെ 453 കോടിയായി തുക വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലാണ് ടോള്‍ ഏര്‍പ്പെടുത്താനും തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ബൈപ്പാസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: