എലികള്‍ക്ക് ഒരു ജനതയുടെ രാഷ്ട്രീയ ജീവിതത്തില്‍ എന്തെങ്കിലും പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയുമോ. തീര്‍ച്ചയായും കഴിയും എന്നാണ് മിസോറാം നമുക്കു നല്കുന്ന പാഠം. എലികളാണ് മിസോറാമിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതുന്നതിന് കാരണമായത്.
1950 കളുടെ അവസാന പകുതിയിലാണ് സംഭവം. അന്ന് മിസോറാം ആസ്സാമിന്റെ ഭാഗമാണ്. 58-59 കാലത്ത് മിസ്സോ മേഖലയിലെ മുളങ്കാടുകളാകെ പൂത്തുലഞ്ഞു. നാടെങ്ങും സമൃദ്ധമായ മുളയരികള്‍ തിന്നാന്‍ എലികളുമെത്തി. മാസങ്ങള്‍ക്കുള്ളില്‍ എലികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. നിയന്ത്രിക്കാനാവാത്ത വിധത്തില്‍ എലികള്‍ പെരുകിയതോടെ ജനങ്ങള്‍ വലയാന്‍ തുടങ്ങി. മുളയരികള്‍ തീര്‍ന്നതോടെ എലികള്‍ കൂട്ടത്തോടെ കൃഷിഭൂമികളിലേക്കിറങ്ങി. കര്‍ഷകര്‍ തങ്ങള്‍ക്കറിയാവുന്ന വിദ്യകളൊക്കെ പരീക്ഷിച്ചെങ്കിലും എലികളെ തുരത്താനായില്ല. വിളവ് മുഴുവന്‍ എലികള്‍ തിന്നു തീര്‍ത്തതോടെ മിസോ ജനത ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന എലിശല്യം മിസോ ജനതയെ തള്ളി വിട്ടത് രൂക്ഷമായ ക്ഷാമത്തിലേക്കായിരുന്നു.
ക്ഷാമവും ദാരിദ്ര്യവും പട്ടിണിയും മൂലം വലഞ്ഞ മിസോ ജനതയെ ദല്‍ഹി ഭരണകൂടവും ക്രൂരമായ വിധത്തില്‍ അവഗണിച്ചു. മിസോ നാഷണല്‍ ഫാമിന് ഫ്രണ്ട് എന്ന സംഘടനയുടെ പിറവി ഈ സാഹചര്യത്തിലാണ്. 1961- ല്‍ രൂപീകരിച്ച സംഘടന മിസോ രാഷ്ട്രീയത്തില്‍ അവഗണിക്കാനാകാത്ത ശക്തിയായി വളരുകയായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോട് ദല്‍ഹി ഭരണകൂടം നെഹ്റുവിന്റെ കാലം മുതല്‍ പിന്തുടര്ന്നു വരുന്ന അവഗണനയുടെ ചരിത്രം കൂടിയാണ് മിസോ ജനതക്ക് പറയാനുള്ളത്. സാമ്പത്തികമായും സൈനികമായും രാജ്യത്തിന്റെ തന്ത്ര പ്രധാനമായ മേഖലയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. തുടര്‍ച്ചയായി അരനൂറ്റാണ്ട് കാലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അവഗണനയാണ് തങ്ങളുടെ വികസനത്തിന് തടസ്സമായതെന്ന് അവിടുത്തെ ജനങ്ങള്‍ കരുതുന്നു.
മിസോ നാഷണല്‍ ഫ്രണ്ട് ആദ്യ ഘട്ടങ്ങളില്‍ ഒളിപ്പോര് പ്രവര്‍ത്തന ശൈലിയാണ് സ്വീകരിച്ചിരുന്നതെങ്കിലും വളരെപ്പെട്ടെന്ന് തന്നെ അവര്‍ ജനാധിപത്യ രീതിയിലേക്ക് മടങ്ങി വന്നു. 1987 -ല്‍ മിസ്സോറാമിന് സംസ്ഥാന പദവി ലഭിച്ചതു മുതല്‍ മിസോ നാഷണല്‍ ഫ്രണ്ട് സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാണ്.1998ലും 2003 ലും നടന്ന നിയമസഭ തെരഞ്ഞടുപ്പുകളില്‍ വന്‍ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ എത്തുകയും ചെയ്തു. 2007 വരെ മിസോ നാഷണല്‍ ഫ്രണ്ട് എന്‍ഡിഎ യുടെ ഭാഗമായിരുന്നു.
സംസ്ഥാനത്തിന്റെ വികസനത്തിന് ദല്‍ഹി ഒന്നും ചെയ്യുന്നില്ലെന്ന പരാതി മിസോ നാഷണല്ഫ്രണ്ടിനു മാത്രമല്ല .സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതേ അഭിപ്രായമുണ്ട്. മിസോറാമിന്റെ വികസനത്തിന് തടസമായി നില്‍ക്കുന്നത് തലസ്ഥാനത്തെ ചിലരാണെന്ന് പിസിസി പ്രസിഡന്റ് തന്നെ പറയുന്നു.
കഴിഞ്ഞ സെപ്തംബര്‍ 20 ന് ഐസ്വാളില് സോണിയ ഗാന്ധി പങ്കെടുത്ത രാഷ്ട്രീയ റാലി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു. പതിനായിരത്തിലേറെപ്പേര്‍ പങ്കെടുത്ത റാലിയില്‍ സോണിയ പ്രധാനമായും സംസാരിച്ചത് മിസോറാമിന്റെ വികസനത്തെക്കുറിച്ചായിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയുടെ പരിപാടി ബഹിഷ്കരിച്ചു. ദല്‍ഹി നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്നവര് ഇക്കുറി തെരഞ്ഞടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. സോണിയ എത്തുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഐസ്വാളില്ക്കൂടി കടന്നു പോകുന്ന സംസ്ഥാനത്തെ ഏക ദേശീയ പാത അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്.
ആയിരക്കണക്കിന് ബ്രൂ ഗിരിവര്‍ഗ്ഗ അഭയാര്‍ത്ഥികള്‍ ഇപ്പോഴും വടക്കന്‍ തൃപുരയില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്. സംസ്ഥാനത്തെ കൃസ്ത്യന്‍ മത നേതൃത്വത്തിന്റെ താത്പര്യമാണ് ഇവിടെ കോണ്‍ നേതൃത്വത്തിന്റയും താത്പര്യം. ബ്രൂ അഭയാര്‍ത്ഥികളുടെ പ്രശ്നം പരിഹരിക്കപ്പെടാത്തതിനു പിന്നിലും പള്ളിയുടെ ഇടപെടലുണ്ട്. മിസോറാമിലെ ജനസംഖ്യയില്‍ 86.7 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്. ദാരിദ്ര്യവും പട്ടിണിയും മത പരിവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണൊരുക്കുന്നു.
കോണ്‍ഗ്രസിന്റെ പേരില്‍ യഥാര്‍ത്ഥത്തില്‍ ഭരണം നിയന്ത്രിക്കുന്നത് പള്ളിയാണെന്ന് പറയാം. ദല്‍ഹിയുടെ അവഗണനക്കെതിരെ മിസോ നാഷണല്‍ ഫ്രണ്ട് ഉയര്‍ത്തിയ രാഷ്ട്രീയകലഹങ്ങളെയും അതി ജീവിക്കുന്നതില്‍ കോണ്‍ഗ്രസിനു തുണയായത് പള്ളിയുടെ പിന്തുണയാണ്.
അരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ സോണിയ ബ്രൂ അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഇപ്പോള്‍ മിസോറാമിലെ മാമിത് ജില്ലയില്‍ ബ്രൂ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭൂമി നല്‍കാനും പുനരധിവസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി വോട്ടെണ്ണല്‍ കഴിയാതെ ഇക്കാര്യത്തില്‍ നടപടികളൊന്നുമുണ്ടാവില്ല. ഓരോ കുടുംബത്തിനും ആശ്വാസമായി 80,000 രൂപ വീതം നല്‍കാനും തീരുമാനമുണ്ടെങ്കിലും അതിനും തെരഞ്ഞടുപ്പ് കഴിയും വരെ കാത്തിരിക്കണം. തെരഞ്ഞടുപ്പ് മുന്നില്‍കണ്ടുള്ള തട്ടിപ്പ് മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ഭരണാധികാരികളുടെ വാക്കുകളില്‍ വിശ്വാസം നഷ്ടമായിരിക്കുന്നുവെന്നുമാണ് നിരവധി തവണ ഇത്തരം കബളിപ്പിക്കലുകള്‍ക്ക് ഇരകളായ ഗിരി വര്‍ഗ്ഗ നിവാസികളുടെ പരാതി.
2008-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് ദയനീയമായ തോല്‍വി ഏറ്റു വാങ്ങി. ആകെയുള്ള 40 സീറ്റില്‍ മൂന്നിടത്ത് മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. പള്ളിയെ എംഎന്എഫിനെതിരായി തിരിക്കാന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിന്റെ വിജയം. ഇക്കുറി വീണ്ടും പള്ളിയുടെ സഹായത്തോടെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതിനിടെ തെരഞ്ഞടുപ്പ് തീയതികള്‍ മാറ്റണമെന്ന ആവശ്യവുമായി പള്ളി നേതൃത്വം രംഗത്തുവന്നത് ശ്രദ്ധേയമായി. ഡിസംബര്‍ മാസത്തില്‍ മിസോറാമില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ബിഷപ്പുമാരുടെ സിനഡ് നടക്കുകയാണ്.
അതുകൊണ്ട് തെരഞ്ഞടുപ്പ് നവംബറില്‍ നടത്തണമെന്നാണ് ആവശ്യം .കത്ത് തെരഞ്ഞടുപ്പ് കമ്മീഷന് ലഭിച്ചിട്ടുണ്ട്, പ്രശ്നം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. പളിളിയുടെ ആവശ്യം കണക്കിലെടുത്ത് മധ്യപ്രദേശിലെ തെരഞ്ഞടുപ്പിനൊപ്പം നവംബറില്‍ തന്നെ മിസോറാമിലും തെരഞ്ഞടുപ്പ് നടത്തുമെന്നാണ് സൂചന.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: