പള്ളുരുത്തി: ശുദ്ധമായ തെളിനീരുകൊണ്ട് അനുഗ്രഹീതമായ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രക്കുളം അപകടമുനമ്പാകുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുളത്തില്‍ വീണു മരിച്ചത് 11ഓളം പേര്. അനുഗ്രഹദായിനിയായ അഴകിയകാവിലമ്മയുടെ തിരുമുമ്പില്‍ വണങ്ങുന്ന ഭക്തരുടെ പ്രാര്‍ത്ഥന ഇനിയും കുളത്തില്‍ വീണ് ആരും മരണമടയരുതേ എന്നാണ്.
ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അഴകിയ കാവ് ഭഗവതി ക്ഷേത്രക്കുളത്തിന് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഹിന്ദു ഐക്യവേദി-കൊച്ചി താലൂക്ക് കമ്മറ്റി ഇതിനായി നിരന്തര സമരത്തിലുമാണ്. ഒരേക്കറില്‍ താഴെ വിസ്തൃതിയിലുള്ള കുളത്തിന് താഴെ ആദ്യം കമ്പികൊണ്ട് നിര്‍മ്മിച്ച വേലിയുണ്ടായിരുന്നുവെങ്കിലും കാലാന്തരത്തില്‍ ഇത് നശിച്ചു.
പള്ളുരുത്തിയിലേയും സമീപ പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഭക്തജനങ്ങളും തൊഴിലാളികളും കുളിക്കാന്‍ ഉപയോഗിക്കുന്നത് ഇപ്പോഴും ഇതേ കുളമാണ്. കുളത്തിന് 25 അടി താഴ്ചയുള്ള കുളം സുരക്ഷിതമായി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കുന്നില്ലെന്നാണ് ഭക്തജനങ്ങളുടെ നിരന്തരമായുള്ള പരാതി. ആദ്യഘട്ടത്തില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ നഗരസഭ 32 ലക്ഷം രൂപ അനുവദിച്ചുവെങ്കിലും പണി ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലത്രെ. ഒടുവില്‍ കഴിഞ്ഞ സപ്തംബര്‍ 26ന് പള്ളുരുത്തി സ്വദേശി മോഹനന്റെ മകന് യദുകൃഷ്ണന്(17) കുളത്തില്‍ വീണ് മരിച്ചത് ഭക്തരെ വീണ്ടും പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാക്കി.
ഹിന്ദുഐക്യവേദിയും എസ്.എന്‍.ഡി.പി യൂത്ത്മൂവ്മെന്റും സമരം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നല്‍കുന്നതിനായി ഒപ്പുശേഖരണം നടത്തിയിരുന്നു. 1,101 പേരുടെ ഒപ്പ് ഒരു ദിവസം കൊണ്ട് ശേഖരിച്ചതായി ഹിന്ദുഐക്യവേദി കൊച്ചി താലൂക്ക് സെക്രട്ടറി പി.പി.മനോജ് പറഞ്ഞു. ഐക്യവേദി തുടര്‍ സമരപരിപാടികള്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യൂത്ത്മൂവ്മെന്റ് കൊച്ചി താലൂക്ക് കമ്മറ്റി കഴിഞ്ഞ ദിവസം ക്ഷേത്രക്കുളത്തിന്റെ ചുറ്റുമതില്‍ കെട്ടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ഓഫീസറുടെ മുന്നില്‍ പ്രതിഷേധ സമരവും നടത്തിയിരുന്നു. എസ്എന്‍ഡിപി കൗണ്‍സില്‍ അംഗം കെ.ആര്.ചന്ദ്രന് സമരം ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ഷൈന്‍ കൂട്ടുങ്കല്‍, ആര്.സന്തോഷ്, പി.എം.ഷാജി, വിമേഷ്, വി.എസ്. സുധീര്‍, ഉമേഷ് ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്കി.
കെ. കെ. റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: