പൂനെ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഏഴ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് പൂനെയില്‍ നടക്കും. ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം എന്ന നിലയില്‍ മത്സരം പൊടി പാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം എന്ന നിലയിലാണ് ഈ പരമ്പര ശ്രദ്ധേയമാകുന്നത്. ഇന്ത്യയെ 6-1ന് പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഓസ്ട്രേലിയക്ക് ലോക ഒന്നാം റാങ്ക് തിരിച്ചുപിടിക്കാം. ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക.
ഒന്നാം റാങ്ക് തിരിച്ചു പിടിക്കാനാണ് തങ്ങള്‍ ഇന്ത്യയിലേക്ക് വണ്ടികയറുന്നതെന്ന ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിന്റെ പ്രഖ്യാപനമാണ് പരമ്പരയെ റാങ്കിഗിന് വേണ്ടിയുളള പോരാട്ടമാക്കി മാറ്റിയത്. എന്നാല്‍ ഓസ്ട്രേലിയക്ക് അത്രയെളുപ്പം ഈ വെല്ലുവിളിയെ മറികടക്കാനാകില്ല. അതിശക്തമായ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ മെരുക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഓസ്ട്രേലിയയുടെ വിജയ സാദ്ധ്യത. നിലവില്‍ 123 പോയിന്റുകളുള്ള ഇന്ത്യയാണ് റാങ്കിംഗില്‍ ഒന്നാമത്. ഓസ്ട്രേലിയക്ക് 115 പോയിന്റാണുള്ളത്. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താനാകും.
ഓസ്ട്രേലിയക്കെതിരെയുളള ട്വന്റി 20 മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ധോണിപ്പട ഇന്ന് ഏകദിന പരമ്പരക്കിറങ്ങുന്നത്. തിരിച്ചുവരവ് ഗംഭീരമാക്കിയ യുവരാജ് ഫോമിലാണെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഒപ്പം ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ധോണി എന്നിവരും മികച്ച ഫോമിലാണ്. എന്നാല്‍ ഇന്ത്യന്‍ ബൗളിംഗിന്റെ പോരായ്മകള്‍ തുറന്നുകാട്ടിയ പോരാട്ടമായിരുന്നു ട്വന്റി 20. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 201 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, ഇന്ത്യന്‍ ബാറ്റിങ് മികവ് ഒന്നുകൊണ്ട് മാത്രമാണ് ലക്ഷ്യം മറികടക്കാനായത്. പരിചയക്കുറവാണ് ഓസ്ട്രേലിയന്‍ നിരയെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്നം. പരിക്കുമൂലം പിന്മാറിയ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവം അവരെ ബാധിക്കാനിടയുണ്ട്. വാട്സണ് മാത്രമാണ് ഓസീസ് നിരയില്‍ ഇന്ത്യയില്‍ കളിച്ച് പരിചയമുളള ഏക താരം. എന്നാല്‍ ട്വന്റി 20യില്‍ ഗംഭീര പ്രകടനം നടത്തിയ ആരോണ്‍ ഫിഞ്ചിന്റെയും മാഡിന്‍സണിന്റെയും മാക്സ്വെല്ലിന്റെയും മികവിനെ ആശ്രയിച്ചായിരിക്കും ഓസ്ട്രേലിയയുടെ സാധ്യതകള്‍. എന്നാല്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയെ മറികടക്കുക ഓസീസിന് ശ്രമകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: