തിരുവനന്തപുരം: കേരളത്തില്‍ ബിഎസ്എന്‍എല്‍ ഒരു വര്‍ഷത്തിനകം ലാന്‍ഡ് ലൈനും മൊബൈലും ബ്രോഡ്ബാന്‍ഡും എല്ലാം ചേര്‍ന്ന സംയുക്ത സേവനം നല്കുമെന്നു ചെയര്മാന് ആര്.കെ. ഉപാധ്യായ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ വീട്ടിലെത്തുമ്പോള്‍ ലാന്‍ഡ് ഫോണായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണിത്.
ലാന്‍ഡ് ലൈനും മൊബൈലും പ്രത്യേകം വേണ്ടിവരില്ല. ഒരേ നമ്പര്‍ മതി. പുറത്തു പോകുമ്പോള്‍ മൊബൈലും വീട്ടിലെത്തുമ്പോള്‍ ലാന്‍ഡ് ലൈനുമായി മാറും. മാത്രമല്ല, അതിനു പ്രീപെയ്ഡ് സൗകര്യവും ലഭിക്കും. വീട്ടിലെ ലാന്‍ഡ് ഫോണ്‍ പോലും അങ്ങനെ പ്രീ പെയ്ഡായി ഉപയോഗിക്കാന്‍ കഴിയും. ഇത്തരം കണ്‍വെര്‍ജന്‍സ് സൗകര്യം ഏര്‍പ്പെടുത്താനായി കേരളത്തിലെ എക്സ്ചേഞ്ചുകളെല്ലാം പുതിയ സാങ്കേതികവിദ്യയിലേക്കു മാറുകയാണ്. എന്‍ജിഎന്‍ (ന്യൂ ജനറേഷന് നെറ്റ്വര്‍ക്ക്) സാങ്കേതികവിദ്യയ്ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
ഇന്ത്യയിലാകെ ആദ്യഘട്ടമായി 400 കോടിയാണു മുതല്‍മുടക്ക്. ആദ്യം നഗരങ്ങളില്‍ ഈ സാങ്കേതികവിദ്യ വരും. കേരളത്തില്‍ ബിഎസ്എന്‍എല്ലിന് 29 ലക്ഷം ലാന്‍ഡ് ലൈന്‍ വരിക്കാരും 78 ലക്ഷം മൊബൈല്‍ വരിക്കാരുമുണ്ടെന്ന് ഉപാധ്യായ് ചൂണ്ടിക്കാട്ടി. മൈ ബിഎസ്എന്‍എല്‍ ആപ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സ്വയം പ്രീപെയ്ഡ് ചാര്‍ജ് ചെയ്യാവുന്ന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്തു പോയി കാര്‍ഡ് വാങ്ങാതെ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചു ചാര്‍ജ് ചെയ്യാവുന്നതാണ്. നിലവില്‍ ആന്‍ഡ്രോയിഡിലുള്ള ഈ ആപ് ഉടനെ ഐ ഫോണിലും ഏര്‍പ്പെടുത്തും.
ഗോ ഗ്രീന്‍ എന്ന പുതിയ പദ്ധതി സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. ഒരു സ്ഥാപനത്തിന്റെ ബില്ലുകള്‍ കടലാസില്‍ അച്ചടിച്ച് അയയ്ക്കാതെ ഇ-മെയ്ലായി അയയ്ക്കുന്ന രീതിയാണിത്. ഇതിലേക്കു മാറാന്‍ ഓപ്ഷന് ഉണ്ടായിരിക്കും. മാത്രമല,??ാന്‍ഡ് ലൈന്‍, മൊബെയില്‍, ബ്രോഡ് ബാന്‍ഡ് തുടങ്ങിയവയ്ക്കു പ്രത്യേകം ബില്ലുകള്‍ നല്‍കാതെ ഒരുമിച്ചു നല്കുന്ന രീതിയും താമസിയാതെ നിലവില്‍വരുമെന്നു ചെയര്മാന് പറഞ്ഞു.
ഇന്ത്യയിലെ 26 ടെലികോം സര്‍ക്കിളുകളില്‍ പ്രവര്‍ത്തനമികവില്‍ ഏറ്റവും മുന്നില്‍ കേരള സര്‍ക്കിളാണ്. സംസ്ഥാനത്തെ ഒരു കോടി വരിക്കാരാണു ശക്തി. വരുമാനത്തിലും പ്രചാരത്തിലും ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നത് ഇവിടത്തെ ജീവനക്കാരും വരിക്കാരുമാണെന്നു ചെയര്മാന് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ലാന്‍ഡ് ലൈനും മൊബെയിലും ചേര്‍ത്തു 32% വിപണി ബിഎസ്എന്‍എല്ലിനുണ്ട്. മൊബെയില്‍ വിപണി മാത്രമെടുത്താലും ബിഎസ്എന്‍എല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയില്‍ ബിഎസ്എന്‍എല്ലിന്റെ ആകെ വരുമാനത്തിന്റെ 9.7% കേരളത്തില്‍ നിന്നാണ്. 778 കോടി രൂപയാണു വരുമാനം. അറ്റാദായം മുന്‍ വര്‍ഷത്തിന്റെ ഇരട്ടിയായി -286.5 കോടി രൂപ.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വന്നപ്പോള്‍ മറ്റു കമ്പനികളില്‍ നിന്നു ബിഎസ്എന്‍എല്ലിലേക്ക് 5,30,664 പേര് മാറിയിരുന്നു. 88% ലാന്‍ഡ് ലൈന്‍ വരിക്കാരും 10 വര്‍ഷത്തിലേറെയായി ബിഎസ്എന്‍എല്ലില്‍ തന്നെ തുടരുന്നവരാണെന്നും കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ എം.എസ്.എസ്. റാവു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: