ന്യൂയോര്‍ക്ക്: സിറിയയിലെ അസദ് സര്‍ക്കാരിന് ഭൂരിപക്ഷമുള്ള ഗ്രാമമായ അലവിത്തയില്നിന്നും 200ഓളം ജനങ്ങളെ സിറിയന്‍ വിമതര്‍ ബലാല്കാരമായി പിടിച്ചു കൊണ്ട് പോയതായി മനുഷ്യാവകാശ സംഘടന. ഇതില്‍ 67 പേര്‍ക്ക് ക്രൂരമായി വധശിക്ഷ നടപ്പിലാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗസ്റ്റിലാണ് ഈ നരനായാട്ട് അരങ്ങേറിയത്.
മനുഷ്യാവകാശ സംഘടനയുടെ 105 പേജ് അടങ്ങുന്ന റിപ്പോര്‍ട്ടിലാണ് സിറിയന്‍ വിമതരുടെ ഭീകരമുഖം പുറത്തു വന്നത്. 35 ഓളം പ്രദേശ വാസികളെ നേരിട്ട് കണ്ട് നടത്തിയ അഭിമുഖത്തിനു ശേഷമാണ് മനുഷ്യാവകാശ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് വിമതര്‍ക്കൊപ്പം സര്‍ക്കാര്‍ സൈന്യവും കുറ്റക്കാരാണെന്ന് സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു.
അലവിത്തയില് അമ്പത് പേര് അടങ്ങുന്ന ഇരുപതോളം വിമത ഗ്രൂപ്പുകള്‍ പത്തോളം ചെറു ഗ്രാമങ്ങളെ ആക്രമിച്ചു. ഇതില്‍ നൂറ്റിത്തൊണ്ണൂറിലധികം പേര് മരണപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 200 ഓളം പേര് ഇപ്പോഴും വിമതരുടെ പിടിയിലാണെന്ന് ന്യയോര്‍ക്ക് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന വ്യക്തമാക്കി.
സിറിയന്‍ സര്‍ക്കാരിന് സ്വാധീനമുള്ള അല്വാത്ത മേഖല പിടിച്ചെടുക്കാനായിരുന്നു വിമതരുടെ ശ്രമം. ഇവിടത്തെ ജനങ്ങള്‍ സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങളും കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കൂട്ടക്കൊല ചെയ്തതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ സൈന്യം രംഗത്തുവരികയും വിമതരെ പ്രദേശത്ത് നിന്ന് തുരത്തുകയും ചെയ്തിരുന്നു. രാസായുധം സിറിയന്‍ വിമതര്‍ക്ക് നേരെ അസദിന്റെ സര്‍ക്കാര്‍ പ്രയോഗിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: