പത്തനംതിട്ട: മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കവയത്രി സുഗതകുമാരിയെ അവഹേളിച്ച് ആന്റോ ആന്റണി എം.പി. നടത്തിയ പ്രസ്താവന തന്റെ സ്വകാര്യ ലാഭത്തിന് കൂട്ടുനില്‍ക്കാത്തതിന്റെ പ്രതിഷേധവും വിരോധവും മൂലമാണെന്ന് പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതി കണ്‍വീനര്‍ പി. ഇന്ദുചൂഡന് അഭിപ്രായപ്പെട്ടു.
ബഹുരാഷ്ട്ര കുത്തകകളുടെയും കോര്‍പ്പറേറ്റുകളുടെയും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങാത്ത കേരളീയ പൊതുസമൂഹം സുഗതകുമാരിയെ ഒരു രക്ഷകയായി കാണുന്നു. അങ്ങനെയുള്ള ശ്രേഷ്ഠ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തുവാനും അപഹാസ്യയാക്കുവാനുമുള്ള നിന്ദ്യമായ ശ്രമങ്ങള്‍ അപലപനീയമാണ്.
കേരളത്തിലെ പ്രകൃതി സമ്പത്തിന്റെ സംരക്ഷണ കാര്യത്തില്‍ സുഗതകുമാരിയുടെ വാക്കുകളും അഭിപ്രായങ്ങളും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബഹുമാനത്തോട് അംഗീകരിച്ചത് ആന്റോ ആന്റണിയെപ്പോലെ കച്ചവട മനസ്സുള്ള കോണ്ഗ്രസ്സുകാര് മറന്നാലും ചരിത്രം അത് ഓര്‍മ്മിപ്പിക്കും. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ ബോധേശ്വരന്റെ മകളായ സുഗതകുമാരിയെ ഒരു സ്വകാര്യ കമ്പനിയുടെ ലാഭത്തിനുവേണ്ടി അവഹേളിക്കുന്ന ആന്റോ ആന്റണിയുടെ നിലപാടിേനെക്കുറിച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ അഭിപ്രായം അറിയുവാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് ഇന്ദുചൂഡന് അഭിപ്രായപ്പെട്ടു.
ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ സുഗതകുമാരിക്ക് സര്‍വ്വവിധ ധാര്‍മ്മിക പിന്തുണയും നല്കുന്ന സമുന്നത കോണ്‍ഗ്രസ്സ് നേതാക്കളായ വി.എം. സുധീരന്, റ്റി.എന്‍. പ്രതാപന്, വി.ഡി. സതീശന്, കെ. മുരളീധരന് തുടങ്ങിയവരെക്കുറിച്ച് ആന്റോ ആന്റണി എ.പി. യ്ക്ക് ഇതേ അഭിപ്രായമാണോ ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സമരത്തില്‍ നിന്ന് ജനങ്ങളെല്ലാം പിന്മാറിയതായി എം.പി. പ്രസ്താവിക്കുവാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. ഇപ്പോഴും വിമാനത്താവളത്തിനെതിരെയുള്ള സമരം കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിച്ച് തുടരുകയാണ്. വിമാനത്താവള പദ്ധതി ഉപേക്ഷിക്കും വരെ സമരം തുടരുക തന്നെ ചെയ്യുമെന്നും വരുംകാല ദിവസങ്ങളില്‍ സമരത്തിന്റെ ജനപിന്തുണ എം.പി. യ്ക്ക് നേരിട്ട് കാണാവുന്നതാണെന്നും ഇന്ദുചൂഡന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: