പത്തനംതിട്ട : ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ ജനങ്ങള്‍ സമരം ചെയ്യുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ആന്റോ ആന്റണി എം.പി.അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി. ആറന്മുളയില് പ്രക്ഷോഭമൊന്നും നടക്കുന്നില്ലെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. ജനങ്ങള്‍ രണ്ടു വര്‍ഷമായി നടത്തുന്ന പ്രക്ഷോഭം ശക്തമായിത്തന്നെ തുടരുകയാണ്. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഭൂപരിഷ്കരണം, പരിസ്ഥിതി സംരക്ഷണം, നെല്‍വയല്‍ സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച് 13 നിയമങ്ങള്‍ ലംഘിച്ചതുമൂലം നിര്‍മ്മാണം അസാദ്ധ്യമായ സ്ഥലത്ത് വിമാനമിറങ്ങുമെന്നു പറയുന്ന എം.പി. നിയമവാഴ്ചയെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. ആറന്മുളയിലെ സമരം വിമാനത്താവളത്തിന് എതിരെയല്ല. നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലുകളും കാവുകളും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജില്ലയില്‍ വിമാനത്താവളത്തിന് പറ്റിയ സ്ഥലങ്ങള്‍ വേറെ ധാരാളമുണ്ട്. പാട്ടാക്കാലാവധി കഴിഞ്ഞതും തരിശായികിടക്കുന്നതും യാതൊരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാകാത്തതുമായ സ്ഥലങ്ങള്‍ പരിശോധിച്ച് വിമാനത്താവളത്തിനുവേണ്ടി നടപടി സ്വീകരിക്കേണ്ടതിനു പകരം ആറന്മുളയെ നശിപ്പിക്കുകയെന്ന ദുഷ്ടലാക്കോടെയാണ് എം.പി. പെരുമാറുന്നതെന്നും പൈതൃക ഗ്രാമ കര്‍മ്മസമിതി ആരോപിച്ചു.
ജില്ലയിലെ മറ്റു സ്ഥലങ്ങള്‍ വിമാനത്താവളത്തിന് കണ്ടെത്താത്തത് ഭൂമാഫിയകളുടെയും കുത്തകമുതലാളിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും താല്പര്യം സംരക്ഷിക്കാനാണ്. വിമാനസ്നേഹമോ വികസന മോഹമോ അല്ല ആറന്മുള വിരോധമാണ് എം.പി. യെ ചേതോവികാരം. ആറന്മുളയില് 2000 ഏക്കറോളം ഭൂമി വ്യവസായി മേഖലയായി പ്രഖ്യാപിച്ചത് പിന്‍വലിക്കാം എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നാളിതുവരെ പാലിച്ചിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും കുടിയിറക്കുഭീഷണിയിലാണ്. കുടിവെള്ള ക്ഷാമവും പരിസ്ഥിതി നാശവുമുണ്ടാകുമെന്ന ഭയാശങ്കകള്‍ പരിഹരിക്കാന്‍ എം.പി. യും എം.എല്‍.എ. യും തയ്യാറല്ല. പമ്പാനദിക്കും പള്ളിയോടങ്ങള്‍ക്കും, വള്ളംകളിയ്ക്കും, ക്ഷേത്രത്തിനും ഭീഷണിയാണെന്ന ജനങ്ങളുടെ ആക്ഷേപം ഗൗനിക്കാത്ത എം.പി. സമരത്തിലുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്വാങ്ങിയെന്നുളള തരംതാണ പ്രചാരണത്തിലാണ് വ്യാപൃതനായിരിക്കുന്നത്. 74 എം.എല്‍.എ. മാരും 5 ജസ്റ്റീസുമാരും 2 ജ്ഞാനപീഠനേതാക്കളും ഉള്‍പ്പെടെ സമൂഹത്തിലെ സമുന്നതരും വിശിഷ്ടരുമായ എല്ലാ വിഭാഗം പ്രതിനിധികളും ഒറ്റക്കെട്ടായ് ആവശ്യപ്പെട്ടിട്ടും വിമാനമിറങ്ങുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന എം.പി. ജനവിരുദ്ധനാണെന്നും പൈതൃക ഗ്രാമ കര്‍മ്മസമിതി അഭിപ്രായപ്പെട്ടു.
പ്രമുഖ കവിയത്രി സുഗതകുമാരിയെ അവഹേളിച്ചും അപമാനിച്ചും അഭിപ്രായ പ്രകടനം നടത്തിയതിലൂടെ നാടിന്റെ വികസനമല്ല വ്യക്തിഹത്യയും സ്വാര്ത്ഥലാഭവുമാണ് എം.പി.യുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. നാട് അഭിമുഖീകരിക്കുന്ന ഏതു പ്രശ്നങ്ങള്‍ സംബന്ധിച്ചും സുഗതകുമാരിക്ക് വ്യക്തമായ നിലപാടും വീക്ഷണവുമുണ്ട്. സ്വാതന്ത്ര്യസമരപോരാട്ടങ്ങള്ക്കും ദേശീയ നവോത്ഥാനത്തിനും കരുത്തുപകര്‍ന്നുകൊണ്ട് നാടിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച ശ്രേഷ്ഠ വ്യക്തികളെ അവഹേളിക്കുവാന്‍ ആന്റോ ആന്റണിക്ക് എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളതെന്ന് പൈതൃക ഗ്രാമ കര്‍മ്മസമിതി ചോദിച്ചു.
ആറന്മുള പ്രക്ഷോഭം നവംബര്‍ മാസത്തോടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ജില്ലയിലെ വാര്‍ഡുകള്‍ തോറും സമര സമിതികള്‍ രൂപീകരിച്ചുകഴിഞ്ഞു. ഏതു കള്ളപ്രചരണങ്ങളേയും ജനവിരുദ്ധ നടപടികളേയും ചെറുക്കുവാനുള്ള കരുത്ത് ഈ ജനകീയ പ്രക്ഷോഭം ആര്‍ജ്ജിച്ചിട്ടുണ്ടെന്ന് കര്‍മ്മസമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: