ന്യൂദല്‍ഹി: തെലങ്കാന രൂപീകരണത്തേ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ദിവസങ്ങളായി തുടരുന്ന കുഴപ്പങ്ങള്‍ക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് രാജ്നാഥ്സിങ് പ്രസ്താവിച്ചു. പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനായി നിരാഹാര സമരങ്ങള്‍ തുടരുന്ന ടിഡിപിനേതാവ് ചന്ദ്രബാബു നായിഡുവും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയും നിരാഹാരം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രത്തിലേയും സംസ്ഥാനത്തേയും സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല. രാഷ്ട്രീയ നേട്ടത്തിനായി വിഷയം ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രശ്നങ്ങളാണ് ആന്ധ്രയിലെ സംഭവവികാസങ്ങള്‍ അനിയന്ത്രിതമായതിനു കാരണമെന്നും രാജ്നാഥ്സിങ് കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ രണ്ടു മേഖലകളിലെ ജനങ്ങളെ തമ്മില്‍ യോജിപ്പിക്കുന്നതിനു പകരം ജനങ്ങളുടെ ഐക്യം തകര്‍ക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിരവധി രാഷ്ട്രീയ നീക്കങ്ങള്‍ പുതിയ ഒരു സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പായി നടത്തേണ്ടിയിരുന്നു. എന്നാല്‍ അതൊന്നും തെലങ്കാന പ്രഖ്യാപിക്കുന്നതിനു മുമ്പായി കോണ്‍ഗ്രസ് നടത്തിയില്ല. സൂക്ഷ്മബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്. ഇതാണ് സ്ഥിതിഗതികളെ അനുദിനം വഷളാക്കിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം.
നിലവിലെ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാ വിഭാഗത്തേയും വിശ്വാസത്തിലെടുത്തുകൊണ്ട് ചര്‍ച്ചകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തെ ജനങ്ങളുടെയും സുരക്ഷയും സംരക്ഷണവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിജെപി പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: