ഹൈദരാബാദ് : കഴിഞ്ഞ ദിവസം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കനത്ത നാശം വിതച്ച ഫൈലിന് ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ആന്ധ്രാതീരത്തും ഒഡീഷയിലും ശനിയാഴ്ച രാത്രിയോടെ ആഞ്ഞ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ പാരദ്വീപിനും ഇടയില്‍ കാറ്റു വീശുമെന്നുമാണ് പ്രവചനം. മണിക്കൂറില്‍ 205 മുതല്‍ 215 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റു വീശുക എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കൊടുങ്കാറ്റായി മാറിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ഒഡിഷ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ഇതിനോടകം തന്നെ തീരപ്രദേശങ്ങളിലെ നാല്പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കാറ്റഗറി നാലിലാണ് ഫൈലിന് കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1999ല്‍ കാറ്റഗറി അഞ്ചില്‍ പെട്ട് ചുഴലിക്കാറ്റ് വീശിയതില്‍ ഒഡിഷയില്‍ പതിനായിരത്തോളം പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: