കല്‍പ്പറ്റ: വയനാട്-നീലഗിരി ജില്ലകളിലെ വനമേഖലകളില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നീലഗിരി വനമേഖലയില്‍ വനംവകുപ്പും ദൗത്യസേനയും തിരച്ചില്‍ നടത്തി. കേരള-തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമസ്ഥലമായ നീലഗിരി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ കടന്ന് കൂടാന്‍ സാധ്യതയുണ്ട്.
ചേരമ്പാടി വനമേഖലയിലും മേപ്പാടി വനമേഖലയിലും മാവോയിസ്റ്റുകളെ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മേഖലകളില്‍ നടത്തിയ തിരച്ചിലിലൊന്നും ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നീലഗിരി വനമേഖലയിലെ കുന്നൂര്, മരപ്പാലം, ബര്‍ളിയാര്‍, റണ്ണിമേട് തുടങ്ങിയ സ്ഥലങ്ങളിലെ വനമേഖലകളിലാണ് തിരച്ചില്‍ നടത്തിയത്.
ആദിവാസി കോളനികളിലാണ് തിരച്ചില്‍ നടത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെ കുറിച്ച് ഉടനെ പോലീസിനും വനംവകുപ്പിനും വിവരം നല്‍കണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൗത്യസേന നീലഗിരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വനമേഖലകളില്‍ പരിശോധന ശക്തമാക്കാനാണ് ദൗത്യസേനയുടെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: