ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ആളില്ലാ വിമാനാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്കയ്ക്കും സൗഹൃദരാഷ്ട്രങ്ങള്ക്കും തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് ഭീകരസംഘടനയായ താലിബാന് മുന്നറിയിപ്പ് നല്കി.
അമേരിക്ക വിശ്വാസവഞ്ചന ആവര്‍ത്തിച്ചാല്‍ തങ്ങള്‍ക്ക് അവരെ ലക്ഷ്യമിടേണ്ടിവരുമെന്ന് താലിബാന് നേതാവ് ഹക്കിമുള്ള മെഹ്സുദ് വാര്‍ത്താ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹക്കിമുള്ള വാര്‍ത്ത ഏജന്‍സിയെ അറിയിച്ചു. അമേരിക്കയുടെ ആളില്ലാ വിമാനാക്രമണങ്ങള്‍ തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണെന്നും ഹക്കിമുള്ള കൂട്ടിച്ചേര്‍ത്തു.
ഗൗരവമേറിയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സംഘടനയുടെ വിശ്വാസം. എന്നാല്‍ ഒരു ഉറച്ച നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മെഹ്സുദ് പറഞ്ഞു. മെഹ്സുദിന്റെ തലയ്ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അന്വേഷണ ഏജന്‍സി വിലയിട്ടിരിക്കുന്നത്.
മാധ്യമങ്ങള്‍വഴി സര്‍ക്കാരുമായി ഒരു ചര്‍ച്ച തങ്ങള്‍ക്കാവശ്യമില്ലെന്നും സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു സംഘമായി ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യുന്നതാണ് ശരിയായ വഴിയെന്നും മെഹ്സൂദ് പറഞ്ഞു. 2009 മുതല്‍ ടെഹ്റിക്-ഇ-താലിബാന് പാക്കിസ്ഥാന് (ടിടിപി) എന്ന ഭീകരസംഘടനയുടെ നേതാവും പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലകളിലുള്ള പന്ത്രണ്ടോളം വരുന്ന ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഹക്കിമുള്ളയാണ്.
പാക്കിസ്ഥാനില്‍ ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനങ്ങള്‍ക്കും ചാവേറാക്രമണങ്ങള്‍ക്കും കാരണമായ സംഘടനയാണ് ടിടിപി. അതേസമയം,പാക്കിസ്ഥാനില്‍ ഈയിടെയുണ്ടായ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും അന്വേഷണ ഏജന്‍സികള്‍ താലിബാനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മെഹ്സൂദ് അവകാശപ്പെട്ടു. മുസ്ലിങ്ങള്‍ക്കും പള്ളികള്‍ക്കും മദ്രസകള്‍ക്കും പുരോഹിതരേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും മെഹ്സൂദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: