ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്കറും തമ്മില്‍ വേര്‍പിരിയുന്നതായി സൂചന. ഇരുവരും ബന്ധം വേര്‍പ്പെടുത്തുന്നതിനായി കോടതിയില്‍ സമ്മതമറിയിച്ച് അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം. എന്നാല്‍ വാര്‍ത്ത സത്യമല്ലെന്നും ഇരുവരും ഒരുമിച്ചു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്നതുള്പ്പെടെയുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും തരൂരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഇരുവരുടേയും മൂന്നാമത്തെ വിവാഹമായിരുന്നു 2010 ആഗസ്ത് 22ന് പാലക്കാട്ടെ ശശി തരൂരിന്റെ തറവാട്ടു വീട്ടില്‍ വെച്ചു നടന്നത്. യുണൈറ്റഡ് നേഷന്‍സ് ഉദ്യോഗസ്ഥനായ തരൂരിന്റെ ആദ്യ വിവാഹം കൊല്‍ക്കത്ത സ്വദേശിനിയായ തിലോത്തമ മുഖര്ജിയുമായിട്ടായിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞ ശേഷം കാനഡക്കാരിയായ ക്രിസ്റ്റയെ വിവാഹം കഴിച്ച തരൂര്‍ പിന്നീട് വലിയ നഷ്ടപരിഹാരം നല്‍കിയാണ് ആ വിവാഹ ബന്ധം വേര്പെടുത്തിയതത്രേ. ഇതിനു ശേഷമാണ് തരൂര്‍ ദുബായില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ സെയില്‍സ് ഡയറക്ടറായിരുന്ന സുനന്ദ പുഷ്കറിനെ വിവാഹം ചെയ്യുന്നത്.
കാശ്മീരിയായ സഞ്ജയ് റയ്നയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സുനന്ദ മലയാളി ബിസിനസുകാരനായ സുജിത് മേനോനെ വിവാഹം കഴിച്ചിരുന്നു. 1997ല്‍ വാഹനാപകടത്തില്‍ മരിച്ച സുജിത് മേനോനില്‍ ശിവ് മേനോന് എന്ന മകന് സുന്ദയ്ക്കുണ്ട്. ശശി തരൂര്‍-സുനന്ദ പുഷ്കര്‍ ബന്ധവും വിവാദങ്ങളിലാണ് തുടങ്ങിയത്. ഐപിഎല്‍ വിയര്‍പ്പോഹരി ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഇരുവരേയും പിന്തുടര്‍ന്നതോടെ 2010 ഏപ്രിലില്‍ തരൂരിന് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നെങ്കിലും ആഗസ്തില്‍ വിവാഹിതരായി.
എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരേയും ഒരുമിച്ചു വേദികളില്‍ കാണാതായതോടെയാണ് വേര്‍പിരിയലിന്റെ സൂചനകള്‍ പ്രചരിച്ചു തുടങ്ങിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് വേര്‍പിരിയലിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും സൂചനയുണ്ട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: