ജനാധിപത്യ സമ്പ്രദായത്തില്‍ ജനങ്ങളുടെ വിശ്വാസമാര്ജിക്കലാണ് നേതൃസ്ഥാനത്തെത്താനുള്ള ശരിയായ വഴി. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ അവര്‍ വേഗം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യും. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവുമധികം നേതാക്കളെ സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് ആ പാര്‍ട്ടി അഭിമുഖീകരിക്കുന്ന നേതൃദാരിദ്ര്യം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്.നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കൊള്ളാവുന്ന നേതാക്കളില്ല എന്നതാണ്.
മധ്യപ്രദേശില്‍ ബിജെപിയുടെ ജനപ്രിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. അര്‍ജുന്‍സിംഗ്, മാധവ റാവുസിന്ധ്യ, എസ്.സി ശുക്ല, വി.സി. ശുക്ല, ദിഗ്വിജയ് സിംഗ് എന്നിങ്ങനെ ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ തന്നെ ശ്രദ്ധേയരായ നേതൃനിരയായിരുന്നു മധ്യപ്രദേശിലുണ്ടായിരുന്നത്.ആ അവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നയിക്കാന്‍ മുതിര്‍ന്ന ഒരു നേതാവ് പോലുമില്ലാത്ത പതനത്തിലേക്ക് പാര്‍ട്ടി എത്തിയത്. മുന്‍ മുഖ്യമന്ത്രി മാധവ റാവു സിന്ധ്യയുടെ മകനും കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയെയാണ് കോണ്‍ഗ്രസ് ഇവിടെ ചൗഹാനെതിരെ പട നയിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ദിഗ് വിജയ് സിംഗിനെപ്പോലുള്ള നേതാക്കള്‍ കാഴ്ചക്കാരായി നി്ല്ക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം.
മധ്യപ്രദേശില്‍ പാര്‍ട്ടിയെ നയിക്കാനുള്ള തീരുമാനം വളരെ അപ്രതീക്ഷിതമായാണ് തന്റെ ചുമലില്‍ എത്തിയതെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് അറിയില്ലെന്നുമാണ് ജ്യോതിരാദിത്യ സിന്ധ്യതന്നെ ഇതെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്. നിശ്ചയമായും യുദ്ധം തുടങ്ങും മുന്‍പ് തോല്‍വി സമ്മതിച്ച നിരാശനായ ഒരു പടനായകന്റെ വാക്കുകള്‍ പോലെയാണ് ഇത്. താരതമ്യേന വളരെ ജൂനിയര്‍ ആയ സിന്ധ്യയെ തെരഞ്ഞെടുപ്പു ചുമതലകള്‍ ഏല്‍പ്പിച്ചത് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് സൃഷ്ടിച്ചു തുടങ്ങി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ എല്ലാം സിന്ധ്യക്ക് തലവേദനയാവുകയാണ്. അനുഭവ സമ്പത്തിന്റെ കുറവും മുതിര്‍ന്ന നേതാക്കള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും കൂടിയാവുമ്പോള്‍ സിന്ധ്യ വെള്ളം കുടിക്കുമന്നുറപ്പാണ്.
രാജസ്ഥാനിലും ഛത്തീസ് ഗഢിലും ഇതിലും ശോചനീയമാണ് കാര്യങ്ങള്‍. ഛത്തീസ്ഗഢില്‍ പിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവ് വി. സി. ശുക്ലയും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പാര്‍ട്ടിക്ക് വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്. ഇനി അജിത് ജോഗി മാത്രമാണ് സംസ്ഥാനത്ത് പാര്‍ട്ടി നേതൃനിരയില്‍ ആശ്രയിക്കാനുള്ളത്. തികഞ്ഞ സോണിയ ഭക്തനായ ജോഗിയാകട്ടെ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ മൂലം അവശനുമാണ്. രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടിന് മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തപ്പോഴുണ്ടായിരുന്ന പ്രതിച്ഛായ ഇപ്പോഴില്ല. തുടരെത്തുടരെ പുറത്തു വന്ന അഴിമതിയാരോപണങ്ങള്‍ ഗഹ്ലോട്ടിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പ്പിച്ചിച്ചിട്ടുണ്ട്. എങ്കിലും മറ്റൊരു പകരക്കാരനില്ലാത്ത നിലക്ക് രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടിനെ തന്നെ മുന്‍ നിര്‍ത്തിയാകും പാര്‍ട്ടി പോരാട്ടത്തിനു തയ്യാറാവുക.
നേതൃ പ്രതിസന്ധി ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്. പാര്‍ട്ടിക്ക് ഇന്ന് ദേശീയ തലത്തില്‍ ചൂണ്ടിക്കാണിക്കാന്‍ യോഗ്യതയുള്ള നേതാക്കളില്ലാതായിരിക്കുന്നു. പ്രാദേശിക തലങ്ങളിലുള്ള നേതൃത്വങ്ങളും ജനകീയാംഗീകാരത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. 10-ാം നമ്പര്‍ ജന്‍പഥില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനുപരിയായി തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളിലേറിയ പങ്കും.
വര്‍ഷങ്ങളായി തുടരുന്ന ഈ ദാസ്യ മനോഭാവമാകാം അവരുടെ നേതൃശേഷിയെ ചോര്‍ത്തിക്കളയുന്നതും വിധേയന്മാരാക്കി മാറ്റുന്നതും. ജനകീയാംഗീകാരമുള്ള നേതാക്കന്മാരെ വളര്‍ത്താതിരിക്കാന്‍ നെഹ്റുവിന്റെ കാലം മുതലേ ആ പാര്‍ട്ടിയില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അന്ന് സര്‍ദാര്‍ പട്ടേലിനെപ്പോലെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയേയും പോലുള്ള യഥാര്‍ത്ഥ ജനനേതാക്കള്‍ കോണ്‍ഗ്രസിലുണ്ടായിരുന്നു. അവര്‍ക്ക് ഉപജാപങ്ങളെ ഒരു പരിധി വരെയെങ്കിലും അതിജീവിക്കാനായി. തന്റെ ഇമേജ് നഷ്ടപ്പെടുമോ എന്ന ഭയമുള്ളതു കൊണ്ടാകാം നെഹ്റുവും ഒരു പരിധിക്കപ്പുറം കാര്യങ്ങള്‍ പോകാന്‍ ഇഷ്ടപ്പെട്ടില്ല.
പൂര്‍ണ്ണമായ പതനം ആരംഭിക്കുന്നത് ഇന്ദിരയുടെ കാലത്തോടെയാണ്. പാര്‍ട്ടിയുടെ പിളര്‍പ്പിലേക്കും അടിയന്തിരാവസ്ഥയിലേക്കും വരെ കാര്യങ്ങളെത്തിയത് ഇന്ദിരയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയതോടെയാണ്. താത്കാലികമായ ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും അന്തിമ വിജയം അവര്‍ കൈപ്പിടിയിലാക്കുക തന്നെ ചെയ്തു.
കോണ്‍ഗ്രസ് തലപ്പത്ത് തലപ്പൊക്കമുള്ള നേതാക്കളുടെ വംശം കുറ്റിയറ്റു പോകാന്‍ തുടങ്ങിയത് ഇന്ദിരയുടെ ഈ പിടിച്ചടക്കലോടെയാണ്. ചരിത്രം ദുരന്തമായും പിന്നെ പ്രഹസനമായും ആവര്‍ത്തിക്കും എന്നു പറഞ്ഞതുപോലെയാണ് സോണിയ യുഗത്തില്‍ കാര്യങ്ങള്‍.
ഇപ്പോള്‍ ആ പാര്‍ട്ടിക്കുള്ളില്‍ നേതാക്കളേ ഇല്ല. ഉള്ളത് മാഡത്തിന്റെ ആജ്ഞാനുവര്‍ത്തികള്‍ മാത്രം.പ്രധാനമന്ത്രി മുതല്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ വരെയുള്ളവര്‍ മാഡം പറയുന്നതെന്തോ അത് ചെയ്യാന്‍ തയ്യാറായി നില്ക്കുന്നു.ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഒരു ദേശീയ പാര്‍ട്ടിയുടെ ഈ അവസ്ഥ തീര്‍ച്ചയായും സഹതാപമര്‍ഹിക്കുന്നുണ്ട്.
ഒരു ഭരണ സംവിധാനം കൊണ്ടു നടക്കാനും ഒരു സ്ഥാപനമെന്ന നിലയില്‍ കോണ്‍ഗ്രസിനെ നയിക്കാനും ഇതുമൂലം അവര്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ തെരഞ്ഞടുപ്പ് പോലെയുള്ള ജനകീയാംഗീകാരത്തിന്റെ പ്രശ്നം വരുമ്പോള്‍ ഈ ചീഫ് എക്സിക്യൂട്ടീവ് ശൈലി മതിയാകില്ല.
സഹ പ്രവര്‍ത്തകരെ സഹ പ്രവര്ത്തകരായിത്തന്നെ കാണേണ്ടി വരും. ജനാധിപത്യത്തിന്റെ ശക്തി എന്നു പറയുന്നതു തന്നെ ഈ കൂട്ടായ്മയാണ്.ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്നതിന്റെ റെക്കോഡ് ഇപ്പോള്‍ സോണിയയുടെ പേരിലാണ്. കാര്യങ്ങള്‍ ഈ നിലക്ക് ഇനിയും തുടരുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പതനത്തിനുത്തരവാദിയെന്ന ഖ്യാതിയും അവര്‍ക്ക് സ്വന്തമാകും.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: