കൊച്ചി: എറണാകുളത്തെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇനി ക്രിക്കറ്റ് വസന്തം. ഒരു ഇടവേളക്ക് ശേഷമാണ് കൊച്ചിയില്‍ ദേശീയ പ്രാധാന്യമുള്ള ക്രിക്കറ്റിന് അരങ്ങൊരുങ്ങുന്നത്. ദുലീപ് ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനല്‍ മത്സരത്തിനാണ് ഇന്ന് തുടക്കമാവുന്നത്. ടര്‍ബനേറ്റര്‍ ഹര്ഭജന് സിംഗ് നയിക്കുന്ന ഉത്തരമേഖലയും വൃദ്ധിമാന്‍ സാഹ നയിക്കുന്ന കിഴക്കന്‍ മേഖലയുമാണ് ചതുര്‍ദ്ദിന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രാവിലെ 9 മുതലാണ് മത്സരം. ചെന്നൈയില്‍ ആരംഭിക്കുന്ന മറ്റൊരു സെമിഫൈനലില്‍ മധ്യമേഖലയും ദക്ഷിണമേഖലയും ഏറ്റുമുട്ടും. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം ദുലീപ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തിനുശേഷം ഇതാദ്യമായാണ് കൊച്ചി ഒരു പ്രമുഖ ടൂര്‍ണമെന്റിന് വേദിയാകുന്നത്. മത്സരങ്ങള്‍ക്കായി ഉത്തരമേഖല, കിഴക്കന്‍ മേഖലാ ടീമുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ടീമുകള്‍ ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിലേര്‍പ്പെടുകയും ചെയ്തു.
ക്യാപ്റ്റന്‍ ഹര്‍ഭജന്‍സിംഗിന് പുറമെ ദേശീയ ടീമില്‍ അംഗങ്ങളായ മോഹിത് ശര്‍മ്മ, പര്‍വീന്ദര്‍ അവാന എന്നിവരും, ഇന്ത്യ എ ടീം അംഗങ്ങളായ മന്ദീപ് സിംഗ്, സന്ദീപ് ശര്‍മ്മ, വികാസ് മിശ്ര എന്നിവരും ഉത്തരമേഖലയുടെ കരുത്താവും. ഏഴ് മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഭാജി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കളിക്കാനിറങ്ങുന്നത്.
ഹര്ഭജന് നയിക്കുന്ന ടീമില്‍ ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകന് ഉന്മുക്ത് ചന്ദും ഉള്‍പ്പെടും. ഇവര്‍ക്ക് പുറമെ സരബ്ജിത് ലഡ്ഡ, പര്‍വിന്ദര്‍ അവാന, ഋഷി ധവാന്, ജീവന്‍ജോത് സിംഗ്, സിദ്ധാര്‍ത്ഥ് കൗള്‍, മന്ദീപ്സിംഗ്, രജത് പാലിവാള്‍, വൈഭവ് റാവല്‍, നിതിന്‍ സെയ്ന (വിക്കറ്റ് കീപ്പര്‍), സന്ദീപ് ശര്‍മ്മ, മോഹിത് ശര്‍മ്മ, ഇയാന്‍ ദേവ് സിംഗ്, വികാസ് മിശ്ര എന്നിവരാണ് ടീമിലുള്ളത്.
വൃദ്ധിമാന്‍ സാഹ നയിക്കുന്ന കിഴക്കന്‍ മേഖലാ ടീമിലെ മറ്റ് അംഗങ്ങള്‍ ബസന്ത് മൊഹന്തി, അബു നെചിം, ദീപക് ബെഹ്റ, പല്ലവകുമാര് ദാസ്, അശോക് ദിന്‍ഡ, സണ്ണി ഗുപ്ത, ഇശാങ്ക് ജഗ്ഗി, അനുസ്തപ് മജൂംദാര്‍, ഷഹബാസ് നദീം, റമീസ് നെമത്, ഗോവിന്ദ് പൊഡ്ഡര്‍, ബിപ്ലബ് സാമന്ദ്റായ്, സുബ്രജിത് റോയ്, തര്‍ജീന്ദര്‍ സിംഗ്, മണി ശങ്കര്‍ മുറസിംഗ്്, സിബ്സങ്കര്‍ റോയ്, അജയ് യാദവ് എന്നിവരാണ്.
എതിര്‍നിരയില്‍ അനുഭവ പരിചയമുള്ള താരങ്ങള്‍ കൂടുതലായുള്ളത് മത്സരം കടുത്തതാക്കുമെന്ന് കിഴക്കന്‍ മേഖലാ ടീം നായകന് വൃദ്ധിമാന്‍ സാഹ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ടീമുമായാണ് മത്സരത്തിനിറങ്ങുന്നതെന്നും സാഹചര്യം കൂടി അനൂകൂലമായാല്‍ നല്ല പ്രകടനം പ്രതീക്ഷിക്കുന്നതായും സാഹ വ്യക്തമാക്കി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ഉത്തരമേഖലാ ടീമംഗം ഉന്മുക്ത് ചന്ദ് പറഞ്ഞു. ബാറ്റിംഗാണ് ടീമിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു ടീമുകളും ബുധനാഴ്ച വൈകീട്ട് രണ്ടു മണിക്കൂറോളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: