ചിറ്റഗോംഗ്: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലാന്റ് ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തിട്ടുണ്ട്. റണ്ണൊന്നുമെടുക്കാതെ ബ്രൂസ് മാര്‍ട്ടിനും വാറ്റ്ലിംഗുമാണ് ക്രീസില്‍. നേരത്തെ 114 റണ്‍സെടുത്ത കീന്‍ വില്ല്യംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും 73 റണ്‍സെടുത്ത ഫുള്‍ടണിന്റെ അര്‍ദ്ധസെഞ്ച്വറിയുമാണ് ന്യൂസിലാന്റ് ഇന്നിംഗ്സിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ടോസ് നേടിയ ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫുള്‍ടണും റൂതര്‍ഫോര്‍ഡും ചേര്‍ന്ന് നല്‍കിയത്. സ്കോര്‍ 57 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 34 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ സൊഹാഗ് ഗാസിയുടെ പന്തില്‍ അബ്ദുര്‍ റസാഖ് പിടികൂടി. തുടര്‍ന്നെത്തിയ കീന്‍ വില്ല്യംസണ്‍ ഫുള്‍ടനൊപ്പം ഒത്തുചേര്‍ന്നതോടെ ന്യൂസിലാന്റ് മികച്ച സ്കോറിലേക്ക് നീങ്ങി.
രണ്ടാം വിക്കറ്റില്‍ 126 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 183-ല്‍ എത്തിയപ്പോള്‍ 73 റണ്‍സെടുത്ത ഫുള്‍ടണെ നാസിര്‍ ഹുസൈന്റെ പന്തില്‍ മൊനിമുല്‍ ഹഖ് പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് സ്കോര്‍ 244-ല്‍ എത്തിയപ്പോള്‍ 28 റണ്‍സെടുത്ത റോസ് ടെയ്‌ലറെ അബ്ദുര്‍ റസാഖിന്റെ പന്തില്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ നയീം ഇസ്ലാം കയ്യിലൊതുക്കി. ഇതിനിടെ വില്യസണ്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 175 പന്തില്‍ നിന്നാണ് വില്ല്യംസണ്‍ 100 കടന്നത്.
വില്ല്യംസണിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. പിന്നീട് സ്കോര്‍ 276-ല്‍ എത്തിയപ്പോള്‍ ന്യൂസിലാന്റിന്റെ നാലാം വിക്കറ്റും വീണു. 12 ബൗണ്ടറികളോടെ 114 റണ്‍സെടുത്ത വില്ല്യംസണിനെ ഷഖിബ് അല്‍ ഹസന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നാല് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കിവീസിന്റെ അഞ്ചാം വിക്കറ്റും വീണു. ആദ്യ ദിവസത്തെ കളി അവസാനിക്കാന്‍ ഒരു പന്ത് ബാക്കിയുള്ളപ്പോഴാണ് 28 റണ്‍റോസ് ടെയ്‌ലറെ പോലെ മക്കല്ലത്തെയും അബ്ദുര്‍ റസാഖ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: