ന്യൂദല്‍ഹി: ഇന്ത്യ-പാക് നയതന്ത്രബന്ധത്തില്‍ കൂടുതല്‍ ക്ഷമ കാണിക്കേണ്ടതുണ്ടെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. കാശ്മീരില്‍ നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരരും സൈന്യവും തമ്മില്‍ നടന്ന വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഖുര്‍ഷിദിന്റെ പരാമര്‍ശം. നിയന്ത്രണരേഖയില്‍ സംഭവിച്ച കാര്യങ്ങള്‍ ആശങ്കയുയര്ത്തുന്നതാണെങ്കിലും നാം അല്‍പ്പംകൂടി സ്ഥിരോത്സാഹവും ക്ഷമയും മനക്കരുത്തും കാണിക്കേണ്ടതുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു. ഇന്ത്യയുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുടെ കളിപ്പാവയാകാന്‍ അവസരമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പാക് സൈന്യത്തിന്റെ പിന്തുണയോടെ അതിര്‍ത്തിയില്‍ നാല്‍പ്പതോളം ഭീകരരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച സാഹചര്യത്തില്‍ ഇന്ത്യ-പാക് ചര്‍ച്ചയുടെ ഭാവിയെന്തായിരിക്കും എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ശ്രീലങ്ക സന്ദര്‍ശനത്തിന് ശേഷം മടങ്ങവേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെയും നുഴഞ്ഞുകയറ്റത്തിന്റെയും സാഹചര്യത്തില്‍ നവാസ് സര്‍ക്കാരിനെ വിശ്വസിക്കാനാകുമോ എന്ന ചോദ്യത്തിന് പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടെതന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യങ്ങള്‍ തമ്മിലുള്ള ഇടപെടലില്‍ പരസ്പരമുള്ള വിശ്വാസമല്ലാതെ മറ്റൊരു വഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും എന്നാല്‍ വിശ്വാസം എന്നത് സന്നദ്ധതയുമായും ബോധ്യപ്പെടുത്തലുമായും പൊരുത്തപ്പെടേണ്ടതുണ്ടെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. ആദ്യം ബോധ്യപ്പെടുകയും പിന്നീട് വിശ്വസിക്കുകയുമാണ് വേണ്ടതെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണമാക്കുന്നതിന് വിരുദ്ധമാകുന്ന ഘടകങ്ങളെക്കുറിച്ച് സര്‍ക്കാരിന് ബോധമുണ്ട്. അതിര്‍ത്തിയിലെ പ്രശ്നത്തില്‍ ഡിജിഎംഒമാര്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ക്കുള്ള കാരണങ്ങള്‍ കണ്ടെത്തി അവ ദുരീകരിക്കുകയും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളെടുക്കുമെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: