കാസര്‍കോട്: തുറമുഖ വകുപ്പ് മുഖേനയുള്ള ഓണ്‍ലൈന്‍ മണല്‍ വിതരണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ജില്ലയില്‍ മണല്‍ മാഫിയ വീണ്ടും സജീവമായി. കുമ്പള, മഞ്ചേശ്വരം, ഉദുമ, മംഗല്‍പ്പാടി, ചെങ്കള, ചെമ്മനാട്, ഉദുമ പടിഞ്ഞാറ് എന്നിവിടങ്ങളിലാണ് പകലെന്നോ രാത്രിയെന്നോ ഭേദമറിയാതെ അനധികൃത മണല്‍ക്കടത്ത് നടക്കുന്നത്. കടല്‍ മണല്‍ വിതരണം നിലച്ചിട്ട് ഒരു മാസത്തിലേറെയായി. മണല്‍വാരല്‍ തൊഴിലാളികളുടെ കൂലി കുറച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരമാണ് ഇപ്പോഴത്തെ പ്രതിസന്ധി. നിര്‍മ്മാണമേഖലയില്‍ മണലിന് ക്ഷാമം നേരിട്ടതോടെ പലരും മണല്‍ മാഫിയയെ ആശ്രയിക്കുകയാണ്. തുറമുഖ വകുപ്പ് വഴിയുള്ള ഓണ്‍ലൈന്‍ മണല്‍ വിതരണം കാര്യക്ഷമമായത് മണല്‍ മാഫിയയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചിരുന്നു. പൂഴിമണലിനേക്കാള് ഗുണം കിട്ടുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ഈ സംവിധാനം ആശ്രയിച്ചു. എന്നാല്‍ പ്രസന്ധി അനിശ്ചിതമായി നീളുന്നത് മാഫിയകള്‍ക്ക് വാണ്ടും സജീവമാകുന്നതിന് അവസരമൊരുക്കി. മണല്‍ മാഫിയകള്‍ക്കെതിരായ നടപടി ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നതായും ആരോപണം നിലനില്ക്കുന്നു. റെയ്ഡ് വിവരം ചോര്‍ത്തിയതിന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലെ താത്ക്കാലിക ഡ്രൈവറെ അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. ബേക്കല്‍ സ്റ്റേഷനിലെ എസ്ഐക്കെതിരെയും നടപടിയുണ്ടായി. കൂടെയുള്ളവരെപോലും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് റവന്യൂ വകുപ്പ്. മണല്‍ക്കടത്ത് തകൃതിയായി നടക്കുന്ന പുലര്‍ച്ചെ റെയ്ഡിന് പോയിട്ടും ഒരു വണ്ടിപോലും കാണാന്‍ കിട്ടാത്ത അവസ്ഥയുണ്ടായി. വളരെ സൂക്ഷ്മതയോടെ ആസൂത്രണം ചെയ്താലും റെയ്ഡ് വിവരങ്ങള്‍ ചോരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തിലുള്ള ഒറ്റുകാരെ നിരീക്ഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. പോലീസിലെ രഹസ്യ വിഭാഗം സംശയമുള്ളവരെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് കീഴില്‍ രൂപീകരിച്ച സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങാതെ അവസാനിപ്പിക്കേണ്ടിവന്ന അവസ്ഥയാണുള്ളത്. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ തീരുമാനം എല്ലാവരും മറന്നു കഴിഞ്ഞു. എഡിഎം, സബ്കലക്ടര്‍, ആര്‍ഡിഒ, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവര്‍ക്ക് കീഴില്‍ ഒന്‍പത് സ്ക്വാഡുകള്‍ രൂപീകരിച്ചുവെന്നല്ലാതെ ഒരുതവണ പോലും പരിശോധന നടത്താന്‍ സാധിച്ചിട്ടില്ല. ഫൈബര്‍ ബോട്ടുകള്‍ ഉപയോഗിച്ച് റെയ്ഡ് ശക്തമാക്കുമെന്ന അവകാശവാദവും നടപ്പിലായില്ല. നിലവില്‍ മൂന്ന് സ്ക്വാഡുകളാണ് ജില്ലയിലുള്ളത്. കലക്ട്രേറ്റില്‍ ഒന്നും താലൂക്ക് തഹസില്‍ദാര്‍ക്ക് കീഴില്‍ ഓരോന്നും. പോലീസിണ്റ്റെ ഭാഗത്തുനിന്ന് മണല്‍ മാഫിയക്കെതിരായ പ്രവര്‍ത്തനം നടക്കാത്തതും വീഴ്ചയാണ്. ബേക്കല്‍ സ്റ്റേഷന് മാത്രമാണ് ഇതിനൊരപവാദം. മണല്‍ക്കടത്ത് തടയേണ്ടത് റവന്യൂ വകുപ്പിണ്റ്റെ ഉത്തമവാദിത്വമെന്ന് പറഞ്ഞ് കൈകഴുകുകയാണ് പോലീസ്. ഉദ്യോഗസ്ഥന്മാര്ക്കു പുറമെ നാട്ടുകാരില്‍ വലിയൊരു വിഭാഗത്തിണ്റ്റെ പിന്തുണയും മണല്‍ മാഫിയക്ക് ലഭിക്കുന്നുണ്ട്. ഒരു മാസം മുമ്പ് ഉദുമ പടിഞ്ഞാറ് റെയ്ഡിനു പോയ സംഘത്തെ ഒരു വിഭാഗം ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. ഇതിനുശേഷം ഒരിക്കല്‍പ്പോലും അവിടെ റെയ്ഡ് നടന്നിട്ടുമില്ല. പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒത്താശയോടെ മണല്‍പാസുകള്‍ സംഘടിപ്പിക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. പല ആള്‍ക്കാരുടെ പേരില്‍ മണലിനുള്ള അനുമതി സംഘടിപ്പിച്ച് പാസുകള്‍ കൈക്കലാക്കുകയാണ് ചെയ്യുന്നത്. മലയോരങ്ങളില്‍ ഉള്‍പ്പെടെ ഡ്രൈവര്‍മാര്‍ക്ക് പണം നല്കിയാല് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാതെ മണല്‍ വീട്ടിലെത്തുന്നു. പണം കൊടുത്താല്‍ അധികം കഷ്ടപ്പെടാതെ മണല്‍ വീട്ടിലെത്തുമെന്നതിനാല്‍ ആവശ്യക്കാര്‍ക്ക് താത്പര്യവും ഇതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: