പുനലൂര്‍: വ്യവസായ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മൂന്ന് മാസത്തിനകം പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വ്യവസായ വകുപ്പിന്റെ കീഴില്‍ കിന്‍ഫ്രയുടെ മേല്‍നോട്ടത്തില്‍ വ്യവസായ പാര്ക്കിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല കിന്‍ഫ്രയ്ക്കാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ പ്രമുഖ വ്യവസായ പാര്‍ക്കായി പുനലൂരിലെ വ്യവസായ പാര്‍ക്ക് മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വകുപ്പ്. ആയിരകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്കാന് കഴിയുന്ന ഒരു സ്ഥാപനമായി വ്യവസായ പാര്‍ക്ക് മാറുന്നതോടെ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന പുനലൂര്‍ പഴയ പ്രൗഡിയിലേക്ക് തിരിച്ചുവരും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ നിലയിലാണ്. അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചുകഴിഞ്ഞു. റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. വ്യവസായ സംരംഭകരെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തടിയധിഷ്ഠിത വ്യവസായം ആരംഭിക്കാന്‍ സംരംഭകരെ കിട്ടാതെ വന്നതോടെ ജനറല്‍ വ്യവസായങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇതിനായി അനുമതിയും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
പുനലൂര്‍ മുക്കടവ് ഭാഗത്താണ് വ്യവസായ പാര്‍ക്കിന്റെ നിര്‍മാണം നടന്നുവരുന്നത്. പണികളെല്ലാം അവസാനഘട്ടത്തിലാണ്.
അടിസ്ഥാന സൗകര്യങ്ങള്‍കൂടി ഏര്‍പ്പെടുത്തിയശേഷം വ്യവസായ സംരംഭകരെ ഇവിടേക്ക് ക്ഷണിക്കും. നിരവധി വ്യവസായ സംരംഭകര്‍ ഇതിനകം തന്നെ വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംരംഭകരുടെ പ്രോജക്ട് സമര്‍പ്പിക്കാന്‍ കിന്‍ഫ്ര അനുവാദം നല്കികഴിഞ്ഞു. വ്യവസായ പാര്ക്കിന് അനുയോജ്യമായ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്ക് അനുമതി നല്‍കും. സംരംഭകര്‍ക്കായി വ്യവസായമാരംഭിക്കുന്നതിനുള്ള സ്ഥലവും തരംതിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: