ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് രസീത് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സുപ്രീംകോടതി അനുമതി നല്കി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇത് നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ വോട്ടര്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് ലഭിച്ചതെന്ന് രസീതിലൂടെ ബോധ്യപ്പെടുത്തുന്നതാണ് പുതിയ സംവിധാനം.
വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞലുടന് ലഭിക്കുന്ന രസീത് പ്രത്യേക പെട്ടിക്കകത്ത് നിക്ഷേപിക്കപ്പെടും. വോട്ടിങില്‍ പിഴവ് ഉണ്ടായിട്ടില്ലെന്ന് ഇതിലൂടെ വോട്ടര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഘട്ടംഘട്ടമായി ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 1500 കോടി രൂപയുടെ അധികച്ചെലവ് വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയെ അറിയിച്ചു. അധികച്ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും നിര്‍ദേശമുണ്ട്.
രസീത് നല്കുന്ന കാര്യം നടപ്പാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് നല്‍കിട്ടുണ്ടെന്നും കോടതി അറിയിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ രസീത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ഒഴിവാക്കാനും വോട്ടുകളുടെ എണ്ണത്തില്‍ തര്‍ക്കമുണ്ടായാല്‍ രസീതുകള്‍ എണ്ണി നോക്കി തിട്ടപ്പെടുത്താനും ഈ സംവിധാനം പ്രയോജനപ്പെടും. നേരത്തെ നാഗലാന്ഡിലെയും ദല്‍ഹിയിലെയും ചില മണ്ഡലങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തിയപ്പോള്‍ വിജയമായിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കിയത്.
രസീത് നല്‍കണമെന്ന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും നേരത്തേ തത്വത്തില്‍ അംഗീകരിച്ചിരുന്നു. പേപ്പര്‍ രസീതുകള്‍ പ്രത്യേകം സജ്ജീകരിച്ച പെട്ടികളില്‍ നിക്ഷേപിക്കണമെന്നും തര്‍ക്കമുണ്ടായാല്‍ ഇവ എണ്ണി നോക്കണമെന്നതുമാണ് ഹര്‍ജിയിലെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: