സ്റ്റോക്ക് ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജെയിംസ് റോത്ത്മാന്, റാന്‍ഡി ഷെക്ക്മാന്, ജര്‍മന്‍ ശാസ്ത്രജ്ഞനായ തോമസ് സുഡോഫ് എന്നീ മൂന്നു പേര് പങ്കിട്ടു. മനുഷ്യ കോശങ്ങളുടെ നിര്‍മാണത്തെയും പോഷക വിതരണത്തെയും സ്വാധീനിക്കുന്ന സംക്രമണ വ്യവസ്ഥയെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.
ജെയിംസ് റോത്ത്മാന് യേല്‍ സര്‍വകലാശാലയിലെയും റാന്‍ഡി ഷെക്ക്മാന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും തോമസ് സുഡോഫ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെയും പ്രൊഫസര്‍മാരാണ്. ശരീരത്തിലെ പ്രോട്ടീന്‍ സംക്രമണം സംബന്ധിച്ച് ഇവര്‍ തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് അവാര്‍ഡ്.
നാഡീവ്യൂഹ സംബന്ധമായ തകരാറുകള്‍, ഡയബറ്റിക്സ്, പ്രതിരോധശേഷിക്കുറവ് എന്നീ അസുഖങ്ങള്‍ക്കുള്ള ചികിത്സാ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ ഇവരുടെ നിഗമനങ്ങള്ക്കാകുമെന്ന് നൊബേല്‍ പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി.
കോശങ്ങളിലെ പോഷക സംക്രമണ വ്യവസ്ഥ സംബന്ധിച്ച് ഈ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളും അതിനായി തയ്യാറാക്കിയ ഉപകരണങ്ങളും അംഗീകാരമര്ഹിക്കുന്നതായി നൊബേല്‍ കമ്മിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. രക്തത്തില്‍ ഇന്‍സുലിന്‍ അളവിലുണ്ടാകുന്ന വ്യതിയാനം, നാഡീവ്യൂഹങ്ങള്‍ തമ്മിലുള്ള ആശയവിനിമയം, കുട്ടികളുടെ കോശങ്ങളില്‍ ബാധിക്കുന്ന വൈറസുകളുടെ പ്രവര്‍ത്തനം എന്നിവ വിശദീകരിക്കാന്‍ ഇവരുടെ പഠനത്തിനാകും. 1.2 മില്യണ്‍ ഡോളര്‍ വീതം മൂവര്‍ക്കും പുരസ്കാരമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: