പുനലൂര്‍: നവരാത്രി ആഘോഷങ്ങള്‍ക്ക് മിഴിവേകി കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ ബൊമ്മക്കൊലുക്കള്‍ ഒരുങ്ങി. വീഥികള്‍തോറും ഉത്സവ അന്തരീക്ഷത്തിലായി. കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളായ പുളിയറ, ശിവപുരം, സുന്ദരപാണ്ഡ്യപുരം, വിശ്വനാഥപുരം തുടങ്ങിയ ഗ്രാമങ്ങളിലാണ് വിജയദശമി, ദുര്‍ഗാഷ്ടമി, മഹാനവമി എന്നിങ്ങനെ ഒമ്പത് ദിവസം നീളുന്ന ഉത്സവത്തിന് മാറ്റുകൂട്ടുവാനായി ബൊമ്മക്കൊലുക്കള്‍ ഒരുക്കിയിട്ടുള്ളത്.
തമിഴ്ഗ്രാമങ്ങളിലെ മിക്ക വീടുകളിലും വിവിധ രൂപങ്ങളില്‍ ബൊമ്മക്കൊലുക്കള്‍ ഉണ്ട്. എങ്കിലും തമിഴ് ബ്രാഹ്മണഗ്രഹങ്ങളിലാണ് ആചാരത്തനിമയില്‍ ബൊമ്മക്കൊലുക്കള്‍ ഒരുക്കിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും കുട്ടികള്‍ക്ക് കരിവളയും ചാന്തും നല്‍കിയും ഈ ഉത്സവത്തിന്റെ പ്രാധാന്യം കണ്ടറിഞ്ഞ് ആഘോഷിക്കുന്നത്. ബൊമ്മക്കൊലുക്കള്‍ ഒരുക്കുന്നതോടെ ആ വീടിന് ഐശ്വര്യവും സമ്പദ്സമൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം. തമിഴ്നാട്ടിലെ മധുര ജില്ലയിലെ കാന്തല്ലൂര്‍ ബ്രാഹ്മണ അഗ്രഹാരങ്ങളില്‍ ഒന്‍പത് ദിവസവും രാവേറെ ചെല്ലുന്ന പൂജകളും ആഘോഷങ്ങളുമാണ്. വീടിന് മുന്‍വശത്ത് വൈദ്യുതാലംകൃതമായ പൂജാമുറികളില്‍ വിവിധ രൂപങ്ങളിലും വിവിധ വര്‍ണങ്ങളിലുമാണ് ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ വീടുകള്‍ക്ക് അലങ്കാരമേകുമ്പോള്‍ തമിഴ് ഗ്രാമങ്ങളില്‍ തന്നെ നിര്‍മ്മിക്കുന്ന ബൊമ്മക്കോലുകളാണ് ഉപയോഗിക്കുന്നത്. ഇലഞ്ഞിയിലും, സുന്ദരപാണ്ഡ്യപുരത്തും, ചെങ്കോട്ട, പുളിയറ എന്നിവിടങ്ങളിലും ബൊമ്മക്കോലുകള് നിര്‍മ്മിക്കുന്നുണ്ട്. ഇതിനൊപ്പം വീടുകളില്‍ അലങ്കരിക്കുന്ന മണികളും, തൂക്കുവിളക്കുകളും, ഓട്ടുമണികള്‍, വ്യത്യസ്ഥ ദേവീദേവന്മാര്, മൃഗങ്ങള്‍ എന്നിവയുടെ രൂപങ്ങളും ഇവിടെ നിര്‍മ്മിച്ചു വരുന്നു. പരമ്പരാഗതമായി ശില്പ നിര്‍മ്മാണം നടത്തിവരുന്ന നിരവധി വീടുകളാണ് ഈ ഗ്രാമങ്ങളില്‍ ഉള്ളത്. ഇതിനൊപ്പം നവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷം ചെടിച്ചട്ടികളും, മണ്‍കല നിര്‍മ്മാണവും, വിഗ്രഹ നിര്‍മ്മാണവും ഉപജീവനമാക്കി കഴിയുന്നവരും ഇവര്‍ക്കിടയില്‍ ഉണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തെ ബ്രാഹ്മണഗൃഹങ്ങളില്‍ ബൊമ്മക്കൊലുക്കള്‍ വ്യാപകമാണ്.
കരവാളൂര്‍ ജി.പ്രമോദ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: