ചിലര്‍ക്ക് ഒരു ഭയമുണ്ട്. ആ നിലയായാല്‍ ഒന്നേയുള്ളൂവെന്ന് സാക്ഷാത്കരിച്ചുകഴിഞ്ഞാല് പ്രേമത്തിന്റെ ഉറവകളെല്ലാം വറ്റിപ്പോകും. ജീവിതത്തിലുള്ളതെല്ലാം പൊയ്പ്പോകും. ഇപ്പോള്‍ എന്തിനെയൊക്കെ സ്നേഹിക്കുന്നു അതെല്ലാം വ്യര്‍ത്ഥമാകും. ഈ ജന്മത്തിലെന്നല്ല, ജന്മാന്തരത്തിലും എല്ലാം ശൂന്യമായിരിക്കും എന്നാണ് ഭയം. അവനവന്റെ വ്യക്തിത്വത്തെപ്പറ്റി തെല്ലും വിചാരിക്കാതിരുന്നിട്ടുള്ളവരാണ് ലോകത്തില്‍ വലിയ വലിയ കാര്യങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് ഒന്ന് വിചാരിച്ചുനോക്കാന്‍ ജനങ്ങള്‍ക്ക് അവസരമില്ല. തന്റെ സ്നേഹപാത്രം ഒരു ഹീനശുദ്രനശ്വരവസ്തുവല്ല എന്നറിയുമ്പോഴേ ശരിയായി സ്നേഹിക്കുവാന്‍ കഴിയൂ.
മണ്‍കട്ടയല്ല, സാക്ഷാല്‍ ഈശ്വരന് തന്നെയാണ് തന്റെ സ്നേഹഭാജനം എന്നറിയുമ്പോഴേ ശരിയായ സ്നേഹമുണ്ടാകൂ. ഭര്‍ത്താവ് സാക്ഷാല്‍ ഈശ്വരന് തന്നെയെന്നറിയുമ്പോഴാണ് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ പേരില്‍ സ്നേഹാധിക്യമുണ്ടാകുക. ഭാര്യയില്‍ ഈശ്വരനെ തന്നെ കാണുമ്പോഴാണ് ഭര്‍ത്താവിന് ഭാര്യയുടെ പേരില്‍ പ്രേമം കൂടുക. മക്കള്‍ ഈശ്വരന് തന്നെയെന്ന് കാണുന്ന മാതാവിനാണ് മക്കളില്‍ അസാമാന്യ പ്രേമം ഉണ്ടാകുക. പരമശത്രുവും ഈശ്വരന് തന്നെയെന്നറിയുമ്പോഴാണ് ആ ശത്രുവിനെ തന്നെയും ഒരുവന് സ്നേഹിക്കൂ. മഹാത്മാവില്‍ ഈശ്വരനെ ദര്‍ശിക്കുന്നവനാണ് ആ മഹാത്മാവിനെ സ്നേഹിക്കുക. അയാള്‍ തന്നെ ആത്യന്ത ദുരാത്മാവിന്റെയും അധിഷ്ഠാനം പരമേശ്വരന് ജഗദ്പ്രഭുതന്നെ എന്നറിയുന്നതുകൊണ്ട് ആ ആത്യന്ത ദുരാത്മാവിനെയും സ്നേഹിച്ചുപോകുന്നു. തുച്ഛമായ “അഹം” നശിച്ച് ആ സ്ഥാനത്ത് ഈശ്വരന് മാത്രം നിലകൊള്ളുന്നതാരിലോ അയാള്‍ ലോകോദ്ധാരകനാകുന്നു. അയാള്‍ക്ക് ജഗത്ത് രൂപാന്തരപ്പെടുന്നു. ക്ലേശകരങ്ങളും ദുഃഖപ്രദങ്ങളുമായുള്ളവയെല്ലാം നീങ്ങിപ്പോകുന്നു. ആയാസങ്ങള്‍ അവസാനിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: