ന്യൂദല്‍ഹി: രോഹിത് ശര്‍മ്മ വാക്കുപാലിച്ചു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടം നേടുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്നേ പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചാണ് രോഹിതും സംഘവും സച്ചിന് യാത്രയയപ്പ് നല്‍കിയത്.
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സിനെ 33 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടത്. സച്ചിന്റെയും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ദ്രാവിഡിന്റെയും കരിയറിലെ അവസാന ട്വന്റി 20 മത്സരമായിരുന്നു ഇത്. ഇക്കഴിഞ്ഞ ഐപിഎല്ലിലും കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ഇതോടെ ഡബിള്‍ തികച്ചു. ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം കിരീടമാണിത്. 2011ലും മുംബൈ കിരീടം നേടിയിരുന്നു.
ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 18.5 ഓവറില്‍ 169 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാല്‍ കരിയറിലെ അവസാന ട്വന്റി 20ക്ക് ഇറങ്ങിയ സൂപ്പര്‍താരങ്ങളായ ദ്രാവിഡിനും സച്ചിനും മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. സച്ചിന്‍ 15 റണ്‍സെടുത്തപ്പോള്‍ പതിവിന് വിപരീതമായി ഓപ്പണറുടെ റോളില്‍ നിന്ന് മാറി എട്ടാമനായി ഇറങ്ങിയ ദ്രാവിഡ് ഒരു റണ്‍സാണെടുത്തത്.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഓപ്പണര്‍ സ്മിത്ത് (44), മാക്സ്‌വെല്‍ (37), രോഹിത് ശര്‍മ്മ (33), അമ്പാട്ടി റായിഡു (29) എന്നിവര്‍ നടത്തിയ മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 202 റണ്‍സ് എടുത്തത്.
203റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മലയാളി താരം സഞ്ജു വി. സാംസന്റെയും അജിന്‍ക്യ രഹാനെയും വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ അനായാസം വിജയത്തിലേക്ക് നീങ്ങിയെങ്കിലും ഇരുവരും പുറത്തായതോടെ അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നടിഞ്ഞു. സഞ്ജു 33 പന്തില്‍ നിന്ന് 4 വീതം ബൗണ്ടറികളും സിക്സറുകളും പറത്തി 60 റണ്‍സെടുത്തപ്പോള്‍ രഹാനെ 47 പന്തില്‍ നിന്ന് 5 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 65 റണ്‍സെടുത്തു. ഇരുവര്‍ക്കും പുറമെ 10 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നി മാത്രമാണ് റോയല്‍സ് നിരയില്‍ രണ്ടക്കം കടന്നത്.
പതിനേഴാമത്തെ ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ഹര്‍ഭജന്‍സിംഗിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് മുംബൈയെ കിരീടത്തിലേക്ക് നയിച്ചത്. രഹാനെ, വാട്സണ്‍, കൂപ്പര്‍ എന്നിവരെയാണ് ഹര്‍ഭജന്‍ മടക്കിയത്. ഇതുള്‍പ്പടെ നാല് വിക്കറ്റാണ് ഭാജി സ്വന്തമാക്കിയത്. 1ന് 116 എന്ന ശക്തമായ നിലയില്‍ നിന്നാണ് റോയല്‍സ് പിന്നീട് തകര്‍ന്നടിഞ്ഞത്. പൊള്ളാര്‍ഡ് മൂന്ന് വിക്കറ്റും നേടി. ഹര്‍ഭജനാണ് മാന്‍ ഓഫ് ദി മാച്ച്. സ്മിത്ത് മാന്‍ ഓഫ് ദി സീരീസുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: