ഹൈദരാബാദ്: തെലങ്കാന രൂപീകരണത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തമായതോടെ റായല്‍ സീമയിലും തീരദേശ ആന്ധ്രയിലും ജനജീവിതം ദുസ്സഹമായി.
സംസ്ഥാനത്തെ വൈദ്യുതിജീവനക്കാരും പണിമുടക്കിലേക്ക് കടന്നതോടെ ആന്ധ്ര ഇരുട്ടിലായി. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന വിസിയനഗരത്തില്‍ ജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞു. ആകാശത്തേക്ക് വെടിയുതിര്‍ത്താണ് പോലീസ് പ്രതിഷേധക്കാരെ തുരത്തിയത്. 20 പോലീസുകാര്‍ക്കും 30 പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 34 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിശാഖപട്ടണത്ത് പതിന്നാല് മണിക്കൂറിലേറെയാണ് വൈദ്യുതി മുടങ്ങിയത്. ബാക്ക് അപ്പ് പവറിന്റെ സഹായത്തോടെയായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. നഗരത്തിലെ സ്റ്റീല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. മുപ്പതിനായിരത്തിലേറെ വൈദ്യുതി ജീവനക്കാരാണ് പണിമുടക്കുന്നത്. ആന്ധ്രയ്ക്കാവശ്യമായ വൈദ്യുതിയുടെ നല്ലൊരു പങ്കും ഉത്പാദിപ്പിക്കുന്ന വിജയവാഡ വൈദ്യുതപ്ലാന്റിന്റെ പ്രവര്‍ത്തനവും മുടങ്ങി. ഐടി ഹബ്ബായ ഹൈദരാബാദിനെയും ഊര്‍ജ്ജപ്രതിസന്ധി കാര്യമായി തന്നെ ബാധിച്ചു. പണിമുടക്ക് കാരണം സതേണ്‍ റെയില്‍വേയുടെ ഒട്ടേറെ ട്രെയിന്‍ സര്‍വീസും തടസ്സപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനുകളില്‍ രണ്ടാംസ്ഥാനത്തുള്ള വിജയവാഡയിലെ വൈദ്യുതി പ്രതിസന്ധിയാണ് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചത്.
ഇതിനിടയില്‍ സീമാന്ധ്രയില്‍ നിന്നുള്ള മന്ത്രിമാരായ പള്ളം രാജു, കെ.എസ്.റാവു, പുരന്ദേശ്വരി ദേവീ, കോല്‍ത്ത സൂര്യപ്രകാശ ്റെഡ്ഡി, കിള്ളി കൃപാ രാജു എന്നിവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയ്ക്കൊപ്പം പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കണ്ടു. തെലങ്കാനക്കെതിരെ സംസ്ഥാന വ്യാപകമായി ഉയരുന്ന പ്രക്ഷോഭവും സീമാന്ധ്രയിലെ പ്രശ്നങ്ങളും ഇവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ഈ മേഖലയില്‍ നിന്നുള്ള ഒട്ടേറെ മന്ത്രിമാര്‍ രാജിവച്ചിരുന്നു.
തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി ഹൈദരാബാദില്‍ നടത്തുന്ന ഉപവാസ സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. മകന് രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്ന സോണിയാ ഗാന്ധി ആന്ധ്രയിലെ വോട്ട് ലക്ഷ്യമിട്ടാണ് തെലങ്കാന രൂപീകരണത്തിന് അനുമതി നല്‍കുന്നതെന്ന് ജഗന് കുറ്റപ്പെടുത്തി. തെലങ്കാന പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ദല്‍ഹിയില്‍ ഉപവാസമരം അനുഷ്ടിക്കുന്ന ടിഡിപി നേതാവ് ചന്ദ്രശേഖര നായിഡുവും കുറ്റപ്പെടുത്തി. ടിആര്‍എസിനെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും കേന്ദ്രം പിന്തുണയ്ക്കുകയാണൈന്നും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജഗന് മോഹന്‍ റെഡ്ഡിക്ക് എങ്ങനെയാണ് ജാമ്യം ലഭിച്ചതെന്ന് ദിഗ് വിജയ് സിംഗ് വ്യക്തമാക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. എന്നാല്‍ തെലങ്കാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാറ്റില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
ഇതിനിടെ തെലങ്കാന പ്രശ്നത്തില്‍ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആറ് ലക്ഷത്തിലധികം ജനങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ്. നിലവിലുള്ള പ്രക്ഷോഭം കാരണം ഓരോ ദിവസവും കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. ആരും ഇത്തരത്തില്‍ നഷ്ടം വരുത്താന്‍ അഗ്രഹിക്കുമെന്ന് തോന്നുന്നില്ല. ഐക്യആന്ധ്രക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണിതെന്നും പ്രതിഷേധവുമായി ജനങ്ങള്‍ മുന്നോട്ട് പോകുന്നതിന് മുമ്പ് അവരുടെ വികാരം മനസ്സിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും കിരണ്‍ കുമാര്‍ റെഡ്ഡി പറഞ്ഞു.
അതേസമയം, തെലങ്കാന ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഷ്ട്രീയനേട്ടത്തിനായി മാത്രം തെലങ്കാന രൂപീകരണവുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന് ദല്‍ഹിയില്‍ പറഞ്ഞു. അടല്‍ ബിഹാരി വാജ്പോയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഒരിടവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: