ന്യൂദല്‍ഹി: ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഭരണത്തിന്‍കീഴില്‍ കുട്ടികളിലെ പോഷകാഹാരക്കുറവ് വര്‍ദ്ധിച്ചെന്ന കോണ്‍ഗ്രസ് പ്രചാരണം പച്ചക്കള്ളമെന്ന് തെളിഞ്ഞു. സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ നരേന്ദ്രമോദിയെ ലക്ഷ്യമിട്ടു നടത്തിയ പ്രചാരണമാണ് പൊളിഞ്ഞത്. പോഷകാഹാരക്കുറവ് ഇല്ലാതാക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് മികച്ച നേട്ടമാണ് ഉണ്ടാക്കിയതെന്നാണ് യഥാര്‍ത്ഥ സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് രേഖകള്‍ പറയുന്നു. കോണ്‍ഗ്രസ് ഭരണത്തിലുള്ള സര്‍ക്കാരുകളാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാളും മികച്ച ശരാശരിയില്‍ പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയെന്നും വിജയിച്ചെന്നുമുള്ള സിഎജി റിപ്പോര്‍ട്ടിനെ തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണം നടത്തിയത്. എന്നാല്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്,മധ്യപ്രദേശ് എന്നിവിടങ്ങളിലും സിഎജി റിപ്പോര്‍ട്ട് തയ്യറാക്കിയ കാലത്ത് ബിജെപി ഭരിച്ച കര്‍ണ്ണാടകത്തിലും കുട്ടികളിലെ പോഷകാഹാരക്കുറവ് വലിയ അളവില്‍ കുറഞ്ഞതായാണ് പാര്‍ലമെന്റിനു മുന്നില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
2006-07ല്‍ 69.83% ആയിരുന്ന ഗുജറാത്തിലെ പോഷകാഹാരക്കുറവ് 2010-11ല്‍ 34.21% ആയി കുറഞ്ഞതായാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2013ല്‍ ഇതു കേവലം 25 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഢില്‍ ഇക്കാലയളവില്‍ 52.96% ല്‍ നിന്നും 36.50% ആയും മധ്യപ്രദേശില്‍ 48.86% ത്തില്‍ നിന്നും 26.61% ആയും പോഷകാഹാരക്കുറവ് കുറഞ്ഞിട്ടുണ്ട്. കര്‍ണ്ണാടകയില്‍ 53ല്‍നിന്നും 36 ആയി കുറഞ്ഞപ്പോള്‍ 38.73%ത്തില്‍ നിന്നും അഞ്ചുവര്‍ഷം കൊണ്ട് കുറഞ്ഞത് 36.83% ആയി മാത്രമാണ്. മഹാരാഷ്ട്ര മാത്രമാണ് ഇക്കാര്യത്തില്‍ ഗുജറാത്തിനു മുന്നില്‍ നില്ക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. തൂക്കക്കുറവുള്ള കുട്ടികളുടെ ശരാശരി കേവലം 1.61%ത്തിലേക്കെത്തിക്കാനും 2013 ജൂണോടെ ഗുജറാത്തിനായിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശില്‍ 53ല്‍നിന്നും 49ആയും ഹരിയാനയില്‍ 45ല്‍നിന്നും 53 ശതമാനമായും കുറഞ്ഞപ്പോള്‍ ദല്‍ഹിയില്‍ 54.28%ത്തില്‍ നിന്നും 49.87% ആയി മാത്രമാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് കുറയ്ക്കാന്‍ സാധിച്ചിരിക്കുന്നത്.
ഐസിഡിഎസ് സ്കീമുകളേപ്പറ്റിയുള്ള 2012-13 കാലഘട്ടത്തിലെ സിഎജി റിപ്പോര്‍ട്ടിലെ 22-ാം നമ്പറായി ഇക്കാര്യങ്ങളെല്ലാം വ്യക്തമായി സമര്പ്പിച്ചിട്ടുണ്ടെന്നിരിക്കെ ഗുജറാത്ത് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കേന്ദ്രങ്ങളും ചില മാധ്യമങ്ങളും നടത്തിയ പ്രചാരണം നരേന്ദ്രമോദിയുടെ വികസന പ്രതിച്ഛായയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: