നിഷേധ വോട്ടിനുള്ള അവകാശം ഇതാദ്യമായി ഇന്ത്യയിലെ ഒരു പൊതുതെരഞ്ഞെടുപ്പില്‍ നടപ്പാവുന്നു.അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പില്‍ നിഷേധവോട്ടിനുള്ള അവസരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലും ബാലറ്റ് പേപ്പറിലും പരിഷ്കാരം വരുത്തും. ലോകത്ത് 13 രാജ്യങ്ങളില്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നിഷേധവോട്ടുണ്ട്. ഇന്ത്യയിലും നിഷേധ വോട്ട് എന്ന സംഗതി തീര്‍ത്തും പുതുമയുള്ള ഒന്നല്ല. പാര്‍ലമെന്റംഗങ്ങള്‍ക്കും സംസ്ഥാന നിയമസഭാഗംങ്ങള്ക്കും ഇപ്പോള്‍തന്നെ സഭാനടപടിക്രമങ്ങളുടെ ഭാഗമായി നിഷേധവോട്ടിനുള്ള അവസരമുണ്ട്.പക്ഷേ ഒരു പൊതു തെരഞ്ഞെടുപ്പില്‍ അത് ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആരും തങ്ങള്‍ക്ക് സമ്മതരല്ലെന്ന് പറയാന്‍ ഒരു വോട്ടര്‍ക്ക് അവസരം ലഭിക്കുന്നത് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത്തരം നിഷേധങ്ങളെ ഫലപ്രദമായി വിനിയോഗിക്കാന്‍ തക്ക പക്വത ഇന്ത്യന്‍ ജനാധിപത്യം ആര്‍ജിച്ചു കഴിഞ്ഞോ എന്നത് ഒരു ഹെവിവെയ്റ്റ് ചോദ്യമായി അവശേഷിക്കുന്നു.
ഒരു വികസ്വര ജനാധിപത്യസമൂഹത്തിന്റെ പൊതുമനസ്സ്് എപ്പോഴും പ്രതിപക്ഷത്തോടൊപ്പമായിരിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.ഭരണ വിരുദ്ധ നിലപാടുകളായിരിക്കും എപ്പോഴും കയ്യടി നേടുക. മാധ്യമങ്ങളും ഏറെക്കുറെ ഇതിനെ പിന്തുടരാനാണ് ശ്രമിക്കാറ്. പ്രതിപക്ഷ രാഷ്ട്രീയത്തോട് യോജിക്കാന്‍ കഴിയാത്തവര്‍ പോലും ഭരണ വിരുദ്ധ വികാരംപ്രകടിപ്പിക്കാറുമുണ്ട്.ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളിലൊന്നാണ് ഈ ഭരണ വിരുദ്ധ വികാരം. തെരഞ്ഞെടുപ്പില്‍ മറ്റു പോംവഴികളില്ലാതാവുമ്പോള് ഈ ഭരണ വിരുദ്ധ വോട്ടുകള്‍ പ്രതിപക്ഷത്തിന്റെ പെട്ടിയില്‍ വീഴാറാണ് പതിവ്.അങ്ങിനെ വലിയ ഒരു വിഭാഗം രാഷ്ട്രീയേതര വോട്ടുകളും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാറുണ്ടെന്നു വ്യക്തം.
ഇക്കുറി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞടുപ്പില്‍ നിഷേധ വോട്ടിന് അവസരം ലഭിക്കുന്നതോടെ പ്രതിപക്ഷത്തിന്റെ ലാഭവിഹിതം കുറയുമോ എന്നതാണ് മറ്റൊരു ചോദ്യം. ഭരണ വിരുദ്ധ വികാരത്തെ പ്രതിപക്ഷത്തിന്റെ പെട്ടിയില്‍ വീഴ്്ത്താതെ ചോര്‍ത്തിക്കളയാനുള്ള ഒരു സേഫ്റ്റി വാല്‍വ് ആയി നിഷേധവോട്ട് മാറുമോ. ഇതിനു മുന്‍പ് ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് ഇങ്ങനെയൊരു അവസരം നല്കിയിട്ടില്ലാത്തതുകൊണ്ട് ഈ ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കാന്‍ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും.
അങ്ങിനെയൊരു സേഫ്റ്റി വാല്‍വ് ആയി നിഷേധവോട്ട് മാറുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഗുണം ചെയ്തേക്കാം. അഴിമതി, സാമ്പത്തിക തകര്‍ച്ച, സൈനിക കടന്നാക്രമണങ്ങള്‍, നേതൃ ദാരിദ്ര്യം, കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കു മടുത്തു കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും ഈ മടുപ്പ് ബിജെപിയെ വിജയത്തിലേക്ക് നയിക്കേണ്ടതാണ്. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിക്കു ലഭിക്കാതെ പോവുന്നത് ആശ്വാസം നല്‍കുക കോണ്‍ഗ്രസിനു തന്നെയാണ്. ഡിസംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതോടെ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമായി ഒരു നിഗമനത്തിലെത്താന്‍ കഴിയൂ.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നിഷേധ വോട്ടിനുള്ള അവസരം ബാലറ്റില്‍ ഉള്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായത്. വളരുന്ന ജനാധിപത്യ സമൂഹത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ അനിവാര്യം തന്നെ.
ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പും വോട്ടവകാശവും.വര്‍ഗം, വര്‍ണം, ജാതി ,മതം, ഭാഷ ,ലിംഗം തുടങ്ങിയ പരിഗണനകളൊന്നും കൂടാതെ സാര്‍വ്വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പാക്കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ.പതിനെട്ട് വയസു കഴിഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ടവകാശത്തിന് അര്‍ഹനാണ്.പക്ഷേ വോട്ട് ചെയ്യുന്നവരുടെ എണ്ണം ആശങ്കാജനകമാം വിധം കുറഞ്ഞു വരുന്നതാണ് കാണുന്നത്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള അതൃപ്തി,വാക്കും പ്രവൃത്തിയും പൊരുത്തപ്പെടാത്ത നേതൃത്വം ഇതൊക്കെയാണ് ഒരു പരിധിവരെ ഈ മടുപ്പ് സൃഷ്ടിക്കുന്നത്.
ജനങ്ങള്‍ക്ക് തങ്ങളെ നിഷേധിക്കാനുള്ള അവസരം ഉണ്ടെന്ന് ബോധ്യമാകുന്നതോടെ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ കരുതല്‍ കാണിച്ചേക്കാം.
നിഷേധ വോട്ടിനുള്ള അവസരം നല്‍കുന്നതിന്റെ ഗുണദോഷങ്ങള്‍ ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളുവെങ്കിലും വോട്ടവകാശം വിനിയോഗിക്കുന്നകാര്യത്തില്‍ പൗരനെ ബോധവത്കരിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്കാകണം.നിഷേധവോട്ട് രേഖപ്പെടുത്താനായിട്ടാണെങ്കിലും എല്ലാ വോട്ടര്‍മാരും പോളിംഗ് ബൂത്തിലെത്തുന്നത് ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത് പകരുകതന്നെ ചെയ്യും. ആവശ്യമെങ്കില്‍ വോട്ട് ചെയ്യുന്നത് മൗലിക അവകാശത്തോടൊപ്പം പൗരന്റെ മൗലിക കടമ കൂടിയാണെന്ന് നിര്‍വ്വചിക്കാവുന്നതാണ്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: