ന്യൂദല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരായ 320 കോടിയുടെ റയില്‍വേ സ്ലീപ്പര്‍ അഴിമതിക്കേസില്‍ പുതിയ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു നിതീഷ് കുമാര്‍ കേന്ദ്ര റയില്‍വേ മന്ത്രി ആയിരുന്ന കാലത്ത് റയില്‍ പാളത്തില്‍ വിരിക്കുന്ന കോണ്‍ക്രീറ്റ് സ്ലീപ്പറുകളുടെ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്നാണ് ആരോപണം.
160 ലക്ഷം സ്ലീപ്പറുകള്‍ നിര്‍മ്മിക്കാന്‍ ബീഹാറിലെ ഗയയിലുള്ള ദയ എഞ്ചിനീയറിംഗ് വര്‍ക്സ് എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. കമ്പനി ഉടമകളായ ദയാനന്ദ് സഹായിയും ധീരേന്ദ്ര അഗര്‍വാളും നിതീഷിന്റെ അടുത്ത ആള്ക്കാരായിരുന്നുവെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു. 2005 ലാണ് ഇതു സംബന്ധിച്ച ആരോപണം ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് റയില്‍വേ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്യുകയായിരുന്നു.
സിബിഐ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് മിഥിലേഷ് കുമാര്‍ സിംഗ് എന്നയാളാണ് കോടതിയെ സമീപിച്ചത്.പൊതു താത്പര്യ ഹര്‍ജി പരിഗണിച്ച കോടതി പരാതിക്കാരനോട് പുതിയ പരാതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: