ന്യൂദല്‍ഹി:ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. എല്ലാ അംഗീകൃത മത്സരങ്ങളില്‍ നിന്നുമായി 50000 റണ്‍സ് എന്ന നാഴികക്കല്ല് സച്ചിന് പിന്നിട്ടു. ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 സെമിഫൈനലില്‍ ട്രിനിഡാഡ് ആന്‍ഡ് തൊബാഗോയുമായുള്ള മത്സരത്തില്‍ ആണ് സച്ചിന് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഫിറോസ് ഷാ കോട്ല ഗ്രൗണ്ടില്‍ നടന്ന സെമി ഫൈനലില്‍ സച്ചിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 35 റണ്‍സാണ്. അതും 31 പന്തില്‍ രണ്ട് ബൗണ്ടറികളുടേയും രണ്ട് സിക്സറുകളുടേയും അകമ്പടിയോടെ. ഇതോടെ ക്രിക്കറ്റില്‍ സച്ചിന്റെ സമ്പാദ്യം 50009 റണ്‍സ് ആയി. 50000 റണ്‍സിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുന്ന 16-ാമത്തെ ക്രിക്കറ്റ് താരമാണ് സച്ചില്‍. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തേയും.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഹൂച്ച് ആണ് ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ളത്. 67057 റണ്‍സ്. അന്താരാഷ്ട്ര മത്സരങ്ങളും ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളും ട്വന്റി-20 കളും അടക്കം 953 മത്സരങ്ങളില്‍ നിന്നാണ് സച്ചിന് ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. 551 ലിസ്റ്റ് എ മത്സരങ്ങളും 307 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളും 95 ട്വന്റി-20 മത്സരങ്ങളും സച്ചിന് കളിച്ചിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ നിന്നുള്ള സച്ചിന്റെ സമ്പാദ്യം 25,228 റണ്‍സ് ആണ്. 198 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേടിയത് 15,837 റണ്‍സ്. 551 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 21,999 റണ്‍സ്. ഇതില്‍ 463 ഏകദിനമത്സരങ്ങളില്‍ നിന്ന് നേടിയ 18,426 റണ്‍സും ഉള്‍പ്പെടും. 94 ട്വന്റി-20 കളില്‍ നിന്നായി 2747 റണ്‍സും സച്ചിന് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ഒരു റെക്കോര്‍ഡ് കൂടി സച്ചിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. 200 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യത്തെ ക്രിക്കറ്റ് താരം എന്ന റെക്കോര്‍ഡ്. ആ റെക്കോര്‍ഡിലേക്ക് ഇനി രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ ദൂരം മാത്രമേ ശേഷിക്കുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: