ഹൈദരാബാദ്: തമിഴ്നാട്ടിലെ ബിജെപി നേതാവായിരുന്ന വി.രമേഷിനെയും ഹിന്ദു മുന്നണി നേതാവ് വെള്ളായിയപ്പനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ ആന്ധ്രയിലെ ചിത്തൂരിനടുത്തുള്ള പുത്തൂരില്‍ പിടിയിലായി. ബിജെപി നേതാവ് എല്‍.കെ.അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പോലീസ് ഫക്രുദ്ദീന്‍ എന്നറിയപ്പെടുന്ന ഫക്രുദ്ദീനാണ് പിടിയിലായവരില്‍ ഒരാള്‍. ബിലാല്‍ മാലിക്, പന്ന ഇസ്മായില്‍ എന്നിവരാണ് രമേഷ് കൊലക്കേസുമായി ബന്ധപ്പെട്ട് പിടിയിലായത്.
തിരുപ്പതി ക്ഷേത്രത്തില്‍ ബോംബ്സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനിടെ പാക് ബന്ധമുള്ള ഭീകരസംഘത്തെ പോലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ഭീകരസംഘത്തില്‍പ്പെട്ട രണ്ടുപേര്‍ രക്ഷപ്പെട്ടു.
ആന്ധ്രയിലെ ചിറ്റൂരിലെ പുത്തൂരില്‍ പ്രതികള്‍ താമസിച്ചിരുന്ന വീട് വളഞ്ഞ് പോലീസ് നടത്തിയ ഓപ്പറേഷനിലാണ് ഫക്രുദ്ദീന്‍ കീഴടങ്ങിയത്. പോലീസ് സംഘത്തിനു നേരെ പ്രതികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസുകാരന് ജീവഹാനി സംഭവിച്ചു. ആന്ധ്ര പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും തമിഴനാട് ക്രൈംബ്രാഞ്ചുമാണ്് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.പ്രതികള്‍ ഒളിച്ചു താമസിക്കുന്ന വീടിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം വീട് വളയുകയായിരുന്നു. പോലീസെത്തിയതറിഞ്ഞ് പ്രതികള്‍ പോലീസിനു നേരെ വെടിയുതിര്‍ത്തു. ആന്ധ്ര പോലീസിലെ ലക്ഷ്മണ് എന്ന ഇന്‍സ്പെക്ടറാണ് മരിച്ചത്.
തിരുപ്പതി ക്ഷേത്രത്തില്‍ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായാണ് പുത്തൂരില്‍ ഇവര്‍ വീട് വാടകക്ക് എടുത്തതെന്നാണ് പോലീസിനു ലഭിച്ച വിവരം. മൂന്നുപേരെ പിടികൂടാനായെങ്കിലും സംഘത്തിലുണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെട്ടു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്നപോരാട്ടത്തിനൊടുവിലാണ് ഉച്ചക്ക് രണ്ടു മണിയോടെ ഫക്രുദ്ദീനും കൂട്ടാളികളും കീഴടങ്ങിയത്. ഇവര്‍ക്കു പുറമെ വീട്ടില്‍ ഒരു സ്ത്രീയും മൂന്ന്് കുട്ടികളും ഉണ്ടായിരുന്നു. ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ പുറത്തേക്കിറങ്ങിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍ നടത്തിയ പത്തോളം ഭീകരാക്രമണകേസുകളിലും കൊലപാതകങ്ങളിലും പ്രതികളാണ് പിടിയിലായവരെന്ന് തമിഴ്നാട് പോലീസ് പറഞ്ഞു.
തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ ഗരുഡോത്സവത്തിനിടെ വന്‍ സ്ഫോടനം നടത്താനുള്ള പദ്ധതിയുമായാണ് പ്രതികള്‍ തമിഴ്നാട്ടില്‍ നിന്ന് ആന്ധ്രയിലെത്തി ഒളിവില്‍ കഴിഞ്ഞുവന്നത്. ഇവരുമായി ബന്ധമുള്ള തിരുവള്ളുവര്‍ എന്നയാള്‍ അടുത്തിടെ തമിഴ്നാട്ടില്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്ര തമിഴ്നാട് പോലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളം കണ്ടെത്തിയത്.
2011ലാണ് മധുരയില്‍ എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ട് ഫക്രുദ്ദീനും സംഘവും അദ്വാനിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വഴിയരികില്‍ പൈപ്പ് ബോംബ് സ്ഥാപിച്ചത്.പോലീസ് ഇത് കണ്ടെത്തി നിര്‍വ്വീര്യമാക്കുകയായിരുന്നു. ബിജെപി തമിഴ്നാട് ഘടകം ജനറല്‍ സെക്രട്ടറി വി .രമേഷ് , ഹിന്ദുമുന്നണി നേതാവ് വെള്ളായിയപ്പന് എന്നിവരുടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇതേ സംഘമാണ്.കഴിഞ്ഞ ജൂലൈ 19 നാണ് രമേഷ് വീടിനു സമീപം കുത്തേറ്റു മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: