ന്യൂദല്‍ഹി: സീമാന്ധ്ര മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വികസന പാക്കേജ് അനുവദിക്കുന്നു. തെലങ്കാന സംസ്ഥാന രൂപീകരണത്തിനിടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണിത്. തെലങ്കാന രുപീകരണത്തില്‍ പ്രതിഷേധിച്ച് ആറ് കേന്ദ്രമന്ത്രിമാരടക്കം ജനപ്രതിനിധികള്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു.
മലയോര പ്രദേശങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്ന നികുതിയിളവ് സീമാന്ധ്ര, റായല്‍സീമ മേഖലകള്‍ക്ക് കൂടി നല്‍കും. സീമാന്ധ്ര മേഖലയിലെ പിന്നോക്ക പ്രദേശങ്ങളിലെ വികസനത്തിനായി പ്രത്യേക ഫണ്ടുകള്‍ അനുവദിക്കും. ജൈവ,ധാതു സമ്പത്തുകള്‍ പങ്കുവയ്ക്കുന്നതിന് പ്രത്യേകം ചട്ടങ്ങളും കൊണ്ടുവരും. സീമാന്ധ്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടു വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആന്ധ്ര വിഭജനത്തെ എതിര്‍ക്കുന്ന നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രത്യേക പാക്കേജ് രാഷ്ട്രീയ തീരുമാനമാണെങ്കിലും പാക്കേജ് നടത്തിപ്പിന് ഗവര്‍ണറാകും മേല്‍നോട്ടം വഹിക്കുക. തെലങ്കാന, സീമാന്ധ്ര മേഖലകള്‍ക്ക് പത്ത് വര്‍ഷത്തെയ്ക്ക് ഒരു ഗവര്‍ണറേ ഉണ്ടാകൂ. പ്രത്യേക പാക്കേജിന്റെ കാര്യത്തില്‍ മന്ത്രിതല സമിതി അന്തിമ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ഉറപ്പുകള്‍ കിട്ടിയെങ്കിലും രാജി തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ആറ് കേന്ദ്രമന്ത്രിമാരുടെയും നിലപാട്. അനിശ്ചിതകാല നിരാഹാര സമരത്തിന് ചന്ദ്രബാബു നായിഡുവും ടി.ഡി.പി നേതാക്കളും തിങ്കളാഴ്ച ദല്‍ഹിയിലെത്തും.
തെലങ്കാന രൂപീകരണത്തിനിടെ സീമാന്ധ്രയില്‍ നടക്കുന്ന ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ബന്ദ് പലയിടത്തും അക്രമാസക്തമായി. പതിമൂന്ന് ജില്ലകളില്‍ വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടു. സീമാന്ധ്ര മേഖലയിലെ ഹൈവേകളെല്ലാം പ്രതിഷേധക്കാര്‍ ഉപരോധിച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിജയവാഡയിലെ താപ നിലയം അടച്ചതുകാരണം പതിമൂന്ന് ജില്ലകളിലേക്കുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടു.
അതേസമയം തെലങ്കാനയില്‍ ആഹ്ലാദപ്രകടനം തുടരുകയാണ്. ഹൈദ്രാബാദിന് മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള സീമാന്ധ്ര ലോബിയുടെ നീക്കങ്ങളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷന്‍ ചന്ദ്രശേഖര റാവു പറഞ്ഞു. ഇതിനെതിരെ ജാഗ്രത പാലിക്കാന്‍ തെലങ്കാന നേതാക്കള്‍ക്ക് അദ്ദേഹം ആഹ്വാനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: