കൊച്ചി: നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം വീണ്ടും രൂക്ഷം. മരട്, നെട്ടൂര്‍, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുന്നത് പതിവായിതീര്ന്നിരിക്കുന്നത്. മിക്കസ്ഥലങ്ങളിലും കഴിഞ്ഞ ഒരാഴ്ചയോളമായി വെള്ളം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പമ്പിംഗ് സമയക്രമത്തില്‍ ഇടക്കിടെ മാറ്റം വരുത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി വെള്ളംകുടിമുട്ടിക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. മിക്കപ്രദേശങ്ങളിലും പൈപ്പുതുറന്നാല്‍ വെള്ളത്തിനു പകരം പുറത്തേക്കുവരുന്നത് വെറും കാറ്റുമാത്രമാണ് നെട്ടുകാര്‍ പരാതിപ്പടുന്നു.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രശ്നത്തിനും കാരണമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. പമ്പിഗില് കൃത്യതയില്ലാത്തതും പലപ്പോഴും മുടങ്ങുന്നസ്ഥിതിയുമുണ്ട്. വന്‍കിട കെട്ടിടസമുച്ചയങ്ങളും ചില സര്‍വ്വീസ് സ്റ്റേഷനുകളും വെള്ളം ചോര്‍ത്തുന്നതും പ്രശ്നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. അനധികൃതവാല്വുകള് സ്ഥാപിച്ച് കുടിവെള്ളം മോഷ്ടിക്കുന്ന സംഭവങ്ങളും പതിവാണ്. ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്താനുള്ള പരിശോധന അധികൃതരുടെ അലംഭാവം മൂലം നിലച്ചിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് നിരത്തുന്നന്യായവാദം.
പരാതി ഉയരുമ്പോള്‍ ഭരണകക്ഷികളും പ്രതിപക്ഷവും നടത്തുന്ന സമരങ്ങളും പ്രഹസനമാണെന്ന് ആക്ഷേപമുണ്ട്. മുന്‍കൂട്ടിയുള്ള തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സമരങ്ങള്‍ പലതും അരങ്ങേറുന്നത്. ആദ്യം ഉപരോധ സമരം, പിന്നീട് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെന്ന് വാഗ്ദാനം. ഒന്നോരണ്ടോ ദിവസം പൈപ്പില്‍വെള്ളം വരുമെങ്കിലും വീണ്ടും കാര്യങ്ങള്‍ പഴയ പടിതന്നെ. മരടില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങള്ക്കൊടുവിലും ഇതുതന്നെയായിരുന്നു നടന്നതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: