അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് സെമി ഫൈനല്‍ എന്നാണ്.2014 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞടുപ്പിന്റെ സെമിഫൈനലാണ് രാജസ്ഥാന് , ദല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം എന്നിവിടങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പുകള്‍.ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ നിര്‍ണ്ണയിക്കുന്ന ടെസ്റ്റ് ഡോസായിരിക്കും മിസോറം ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.
മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങുന്നുവെന്നതാണ് ഈ നാലു സംസ്ഥാനങ്ങളിലെ പോരാട്ടങ്ങളെ ശ്രദ്ധേയമാക്കുന്നത്.28 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണപ്രദേശങ്ങളും ഉള്‍പ്പെടുന്ന അതിവിശാലമായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അരങ്ങില്‍ രാജ്യത്തെ പ്രധാന കക്ഷികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ഏഴു സംസ്ഥാനങ്ങളില്‍ മാത്രമാണ്.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ നാല് സംസ്ഥാനങ്ങളില്‍ നിന്നുമായി ലോക്സഭയില്‍ എത്തേണ്ടവരുടെ സംഖ്യ 78 ആണെന്നും ഓര്‍ക്കണം.സെമിഫൈനല്‍ എന്ന പ്രയോഗം അര്‍ത്ഥവത്താകുന്നത് ഈ സാഹചര്യത്തിലാണ്. രാജസ്ഥാനിലും ദല്‍ഹിയിലും മിസോറമിലും കോണ്‍ഗ്രസ് ഭരണ പക്ഷത്താണ്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിയാണ് ഭരണത്തില്‍.
ജനാധിപത്യ പരിവര്‍ത്തനത്തിന്റെ ആദ്യ അര്‍ധശതകം കാര്യമായ പരിക്കുകളില്ലാതെ പിന്നിട്ടുകഴിഞ്ഞ ഇന്ത്യ കൂടുതല്‍ സുശക്തമായ ജനാധിപത്യപ്രക്രിയയിലേക്ക് ചുവടുമാറുന്നതിന്റെ സൂചനകളാകും ഈ നിയമസഭ തെരഞ്ഞെടുപ്പിനേയും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനേയും ശ്രദ്ധേയമാക്കുന്നത്.പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന മുന്നണികളും അതിന്റെ തുടര്‍ച്ചയായുള്ള അനുരഞ്ജന രാഷ്ട്രീയവുമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ദേശീയ രാഷ്ട്രീയത്തെ നിര്‍ണ്ണയിച്ചു വന്നത്. മാറിയ സാഹചര്യത്തില്‍ ഇത്തരം മുന്നണികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാര്യമായ ഭാവിയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
ബിജെപി- കോണ്‍ഗ്രസ് എന്നീ രണ്ട് ധ്രുവങ്ങളിലായി കേന്ദ്രീകരിക്കുന്ന ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം മുന്നണി എന്ന പ്രയോഗം തന്നെ ഇന്ന് ഏറെക്കുറെ അപ്രസക്തമായിക്കഴിഞ്ഞു. സുശക്തമാകുന്ന ഉഭയകക്ഷി ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ തെരഞ്ഞെടുപ്പ് കാഴ്ചകളാകും ഈ നിയമസഭാതെരഞ്ഞെടുപ്പുകള്‍ സമ്മാനിക്കുക.
നിയമസഭ തെരഞ്ഞടുപ്പുകളുടെ വിജ്ഞാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ് തെരഞ്ഞടുപ്പുകള്‍ എന്നാണ് മോദി അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ പോരാട്ടമെന്ന പോലെ തന്നെ നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം എന്ന രീതിയിലും ഈ നിയമസഭ തെരഞ്ഞെടുപ്പുകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ലോക്സഭ തെരഞ്ഞടുപ്പില്‍ നരേന്ദ്ര മോദിയായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി പ്രഖ്യാപിച്ചശേഷം ആദ്യമായാണ് ഒരു പൊതു തെരഞ്ഞടുപ്പ് നടക്കുന്നത്.രാഹുലിനെ കോണ്‍ഗ്രസ് ഇപ്പോഴും മോദിയുടെ എതിരാളിയെന്ന് ഉയര്‍ത്തിക്കാട്ടിയിട്ടില്ലെങ്കിലും സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്ന മന്മോഹന് രാഹുലായിരിക്കും അടുത്ത നേതാവെന്ന് സൂചിപ്പിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസിനു തല്ക്കാലം മറ്റൊരു മുഖമില്ല എന്നതും കാര്യങ്ങള്‍ രാഹുലില്‍ കേന്ദ്രീകരിക്കുന്നതിലേക്കെത്തിക്കുന്നു.മോദിയുടെ വ്യക്തി പ്രഭാവത്തിനു മുന്നില്‍ രാഹുലിന് പിടിച്ചു നില്‍ക്കാനാകില്ലെന്ന് വ്യക്തമായതുകൊണ്ടു കൂടിയാണ് മോദിയുടെ എതിരാളിയായി രാഹുലിനെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത്. എങ്കിലും തെരഞ്ഞടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളിലും രാഹുല്‍ഗാന്ധി തന്നെയാകും കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകന്‍. ഈ ഘടകങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് ഇത് സെമിഫൈനല്‍ ആണെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: