ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ദല്‍ഹിയിലും രാജസ്ഥാനിലും ബിജെപി ഭരണം പിടിച്ചെടുക്കുമെന്ന് ദേശീയ ഉപാദ്ധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്വി. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിക്കു വന്‍വിജയം ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വിലയിരുത്തിക്കൊണ്ട് നഖ്വി പറഞ്ഞു. നല്ല ഭരണവും ചീത്ത ഭരണവും തമ്മിലുള്ള മത്സരമാണ് അഞ്ചു സംസ്ഥാനങ്ങളിലെയും പ്രധാന തെരഞ്ഞെടുപ്പുകളിലെ വിഷയമെന്നും ഇതു ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദല്‍ഹിയില്‍ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ നടത്തിയ അധികാര ധൂര്‍ത്തും രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ അധികാര ദുര്‍വിനിയോഗവും അഴിമതിയും ജനങ്ങളില്‍ അത്രയധികം അവമതിപ്പുണ്ടാക്കിയതായും ഈ സംസ്ഥാനങ്ങളിലെ മുന്‍ ബിജെപി സര്‍ക്കാരുകള്‍ നടത്തിയ ഭരണമികവ് ബിജെപിക്കു ഗുണകരമാകുമെന്നും അദ്ദേഹം പാര്‍ട്ടിയാസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജസ്ഥാനില്‍ വരുന്ധരരാജ സിന്ധ്യ നടത്തിയ പല പദ്ധതികളും തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇക്കാര്യങ്ങളും രാജസ്ഥാന് സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ തരംഗത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വികാരവും രാജസ്ഥാനില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമാണ്.
ദല്‍ഹിയില്‍ ഷീലാ ദീക്ഷിതിനെതിരായ ജനവികാരം ബിജെപിക്കു ഗുണകരമായി മാറും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകും ദല്‍ഹിയില്‍ സംഭവിക്കാന്‍ പോകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം വീണ്ടും ജനദ്രോഹ സര്‍ക്കാരിനെ ഭരണത്തിലേറാന്‍ സഹായിക്കുമോയെന്ന് അവര്‍ പരിശോധിക്കണം. ദല്‍ഹിയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരമെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. രാജസ്ഥാനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 36.82% വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 34.27% വോട്ട് നേടാനായിരുന്നു. ദല്‍ഹിയില്‍ കോണ്‍ഗ്രസ് 40.34% നേടിയപ്പോള്‍ ബിജെപി 36.37% വോട്ടാണ് ലഭിച്ചത്.
വികസനത്തിലും വിശ്വാസ്യതയിലും പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് മധ്യപ്രദേശിലെ ശിവരാജ്സിങ് ചൗഹാന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സദ്ഭരണത്തിന്റെ എല്ലാ മികവും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളിലേക്കുമെത്തിയ പൊതുവിതരണ സമ്പ്രദായമുള്‍പ്പെടെയുള്ള പദ്ധതികളുടെ വിജയത്തിളക്കവുമായാണ് ഛത്തീസ്ഗഢില്‍ രമണ്‍സിങ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും വലിയ വിജയമാണ് ബിജെപി നേടാന്‍ പോകുന്നത്.
ദല്‍ഹി,മധ്യപ്രദേശ്,രാജസ്ഥാന്,ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 590 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മിസോറാമിലെ 40 സീറ്റുകളില്‍ ഭൂരിപക്ഷത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. മധ്യപ്രദേശില്‍ 45,334 പോളിംഗ് സ്റ്റേഷനുകളിലും രാജസ്ഥാനില്‍ 53,896 പോളിംഗ് സ്റ്റേഷനുകളിലും ഛത്തീസ്ഗഢില്‍ 21,418 ഉം ദല്‍ഹിയില്‍ 11,763 സ്റ്റേഷനുകളിലും ബൂത്ത്തല പ്രവര്‍ത്തകരെ നിയോഗിച്ചു കഴിഞ്ഞിട്ടുണ്ട്.
മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാനും ഛത്തീസ്ഗഢില്‍ രമണ്‍സിങ്ങും രാജസ്ഥാനില്‍ വസുന്ധരരാജസിന്ധ്യയും നടത്തിയ സുശാസന്‍ സങ്കല്പ്പ യാത്രകള്‍ അവസാനിച്ചു കഴിഞ്ഞു.
എല്‍.കെ.അദ്വാനി,നരേന്ദ്രമോദി,രാജ്നാഥ്സിങ് ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ അഞ്ചു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് റാലികളേയും പൊതുസമ്മേളനങ്ങളേയും അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നുണ്ട്.
നവംബര്‍ ആദ്യവാരം മുതല്‍ ദേശീയ നേതാക്കള്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തു തുടങ്ങും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര ഓഫീസില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുമെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: