വാഷിംഗ്ടണ്‍: നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്തണമെന്ന് സഹാറയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. സുബ്രത റോയ്യുടെ ഉടമസ്ഥതയിലുള്ള സഹാറ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് 19,000 കോടിയോളമാണ് നല്‍കാനുള്ളത്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ഉറപ്പിന് വേണ്ടി പണയം വയ്ക്കാന്‍ തയ്യാറാണെന്ന് സമ്മതിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വസ്തുവകകളുടെ മൂല്യവും തീറാധാരവും സംബന്ധിച്ച് വിപണി നിയന്ത്രിതാവായ സെബി സംശയം ഉന്നയിച്ചിരുന്നു.
ഇക്കാര്യത്തില്‍ സംയുക്തമായി ഒരു തീരുമാനത്തിലെത്തുന്നതിന് സഹാറയ്ക്കും സെബിയ്ക്കും ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണനും ജെ.എസ്.ഖേഹറും അടങ്ങുന്ന ബഞ്ച് നിര്‍ദ്ദേശം നല്കി. കേസില്‍ വാദം കേള്‍ക്കുന്നത് ഈ മാസം 28 ലേക്ക് നീട്ടി.
ലണ്ടണില്‍ 256 കോടി രൂപ മൂല്യം മതിക്കുന്ന സ്ഥാവരസ്വത്തുക്കള്‍ സഹാറ വാങ്ങിയതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള ശേഷിയും സഹാറയ്ക്കുണ്ടെന്ന് ബഞ്ച് വിലയിരുത്തി. റോയിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് സി.എ.സുന്ദരമാണ് ഹാജരായത്. ഉറപ്പിന് വേണ്ടി സ്ഥാവരവസ്തുക്കള്‍ പണയം നല്കാന് തയ്യാറായെങ്കിലും സെബിയുടെ അഭിഭാഷകന് എതിര്‍ത്തു. സഹാറ തന്നെ സ്വത്തുക്കള്‍ വില്പന നടത്തി തുക സെബിയെ ഏല്പ്പിക്കണെമെന്ന നിര്‍ദ്ദേശമാണ് സെബിയുടെ അഭിഭാഷകന് മുന്നോട്ട് വച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ്, നവംബറിന് മുമ്പായി 24,000 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. സമയപരിധി നീട്ടി നല്കിയ കോടതി 5,120 കോടി രൂപ അടിയന്തരമായി നല്‍കണമെന്നും 10,000 കോടി രൂപ ജനുവരി ആദ്യവാരത്തിലും ശേഷിക്കുന്ന തുക ഫെബ്രുവരിയിലും നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതില്‍ 5,120 കോടി രൂപ ഡിസംബറില്‍ കൈമാറിയെങ്കിലും ബാക്കി തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി സെബി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: