കൊല്ലം: നല്ല റോഡില്ല, ഗതാഗതക്കുരുക്കഴിക്കാന്‍ പദ്ധതികളില്ല, കൊല്ലത്തെ ലോകസമക്ഷമെത്തിക്കാന് കെട്ടിയെഴുന്നെള്ളിച്ച ഫെസ്റ്റിന്റെ കണക്കുകള്‍ ഇനിയും എങ്ങുമെത്തിയില്ല. ചുവന്ന ബീക്കണ്‍ ലൈറ്റ് പാര്‍ട്ടിയുടെ കൊടിയാണെന്ന് തെറ്റിദ്ധരിച്ച മേയറും കുറേ കൗണ്‍സിലര്‍മാരും ചേര്‍ന്ന് വീണ്ടും കോടികളുടെ പദ്ധതിയുമായി പ്രചാരണത്തിന് ഒരുങ്ങുന്നു. ഇക്കുറി ജവഹര്‍ലാല്‍ നെഹ്റു ദേശീയ നഗര പുനരുദ്ധാരണ മിഷന് രണ്ടാംഘട്ട പദ്ധതിയാണ് ഉന്നം. 3750 കോടി രൂപയുടെ വിവിധ പ്രോജക്ടുകള്‍ക്കാണ് കോര്പ്പറേഷന് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. അടുത്ത അന്‍പത് വര്‍ഷത്തേക്ക് വേണ്ടിവരുന്ന വികസനം മുന്‍നിര്‍ത്തിയാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അവകാശവാദം.
വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷത്തിന് സമയമില്ല. പങ്കിടലാകുമ്പോള് എന്തിന് പ്രതിഷേധം. നടപ്പാക്കാനൊരുങ്ങിയ പദ്ധതികളുടെ ഇപ്പോഴത്തെ നിലവാരം ആര്‍ക്കുമറിയില്ല. ശ്മശാനപ്രശ്നം, കുരീപ്പുഴ ചണ്ടിഡിപ്പോ, മാലിന്യപ്രശ്നം, തുടങ്ങിയവയൊന്നും ചോദ്യങ്ങള്‍ പോലുമാകുന്നില്ല. അതിനിടയിലാണ് ജന്റം പദ്ധതിയുടെ മറവില്‍ വീണ്ടും കോടികളുടെ കണക്ക് കൗണ്‍സില്‍യോഗം നിരത്തുന്നത്.
അടിസ്ഥാനസൗകര്യവികസനം, ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കല്‍, ടൂറിസം വികസനം, സാമൂഹികാവശ്യങ്ങള്‍ നിറവേറ്റല്‍, പരിസ്ഥിതി, ചേരി നിര്‍മ്മാര്‍ജ്ജനം, ഡ്രെയിനേജ് സൗകര്യം വികസിപ്പിക്കല്‍ എന്നിങ്ങനെയാണ് പദ്ധതികള്‍ തരംതിരിച്ചിട്ടുള്ളത്. ഏറ്റവും കുടുതല്‍ തുക വകയിരുത്തിയിട്ടുള്ളത് ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടിയാണ്- 2504 കോടി രൂപ. ഇതില്‍ പോളയത്തോട്ടില്‍ നിന്നും ആനന്ദവല്ലീശ്വരം വരെ എസ്എംപി പാലസിന് മുകളിലൂടെ പാത നിര്‍മ്മിക്കാന്‍ (എലിവേറ്റഡ് കോറിഡോര്‍) 1390.11 കോടി രൂപയുടെ ബൃഹദ്പദ്ധതിയും ഉള്‍പ്പെടുന്നു. ആകെയുള്ള പ്രോജക്ടുകളില്‍ ഏറ്റവും കൂടുതല്‍ തുക വകയിരിത്തിയിട്ടുള്ളതും എലിവേറ്റഡ് കോറിഡോര്‍ പദ്ധതിക്കാണ്. എസി ബസുകളുള്‍പ്പെടെ കൊല്ലം കോര്പ്പറേഷന് അനുവദിച്ചിട്ടുള്ള ബസുകള്‍ക്കായി 107.5 കോടി രൂപ ചെലവഴിക്കും.
കല്ലുപാലം, മുക്കാട് പള്ളി-അരുളപ്പന്‍ തുരുത്ത് പാലം, കോയിക്കല്‍ പാലം, ഈഴപാലം, കൊണ്ടേത്ത് പാലം എന്നിവയ്ക്കും കരിക്കോട്, കല്ലുംതാഴം, വെള്ളയിട്ടമ്പലം, അയത്തില്‍ ബൈപാസ്, മേവറം ജംഗ്ഷന് വികസിപ്പിക്കല്‍, കോയിക്കല്‍ റയില്‍വേ മേല്‍പ്പാലം എന്നിവയ്ക്കായി 400 കോടി രൂപയും മള്‍ട്ടിലവല്‍ കാര്‍ പാര്‍ക്കിംഗ് നിര്‍മ്മാണത്തിനായി 162.93 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
ടൂറിസം വികസനത്തിന് 200 കോടി രൂപ ചെലവഴിക്കും. താന്നി-മണ്‍റോതുരുത്ത് ജലപാതയില്‍ ഹൗസ്ബോട്ട്, മീനത്തുചേരി ഡിവിഷനിലെ ഒന്‍പത് തുരുത്തുകള്‍ ബന്ധിപ്പിച്ചുകൊണ്ട് ജലഗതാഗതം മെച്ചപ്പെടുത്തല്‍, വിശ്രമകേന്ദ്രം, ആയൂര്‍വേദ ചികിത്സാകേന്ദ്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചേരിനിര്‍മ്മാര്‍ജ്ജനത്തിന് 50 കോടി രൂപയും സ്റ്റോംവാട്ടര്‍ ഡ്രെയിനേജിനായി 250 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
അന്തരീക്ഷമലിനീകരണം, ജലമലിനീകരണം എന്നിവ തടയുന്നതിന് 200 കോടി രൂപയും ദുരന്തനിവാരണ പദ്ധതികള്‍ക്കായി 300 കോടി രൂപയുടെ പ്രോജക്ടുകളും ഉള്‍പ്പെടുത്തി കോര്പ്പറേഷന് മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 440 കോടി രൂപ ചെലവഴിക്കും. കുടിവെള്ള വിതരണത്തിന് 350 കോടി, സ്വീവേജ് പദ്ധതികള്‍ക്ക് 25 കോടി രൂപ, അറവുശാലയ്ക്ക് 15.5 കോടി രൂപ, ഖരമാലിന്യ സഹകരണത്തിന് 50 കോടി എന്നിങ്ങനെയാണ് ഇനംതിരിച്ചുള്ള കണക്ക്.
പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നാറ്റ്പാക്കിനെ ചുമതലപ്പെടുത്താനാണ് തീരുമാനിച്ചതെങ്കിലും സമയബന്ധിതമായി തയ്യാറാക്കേണ്ടതുള്ളതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള ആന്‍സണ്‍സ് ഗ്രൂപ്പിനെ കണ്‍സള്‍ട്ടന്റായി നിശ്ചയിക്കുന്നതിനും കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്. പഞ്ഞമില്ലാതെ പദ്ധതികള്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കപ്പെടുമ്പോഴും മൂക്കുപൊത്താതെ പൊതുജനത്തിന് വഴി നടക്കാനാകാത്ത സാഹചര്യമാണ് നഗരത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: