പെരുമ്പാവൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വരവ് പ്രമാണിച്ച് പെരുമ്പാവൂര്‍ എംസി റോഡില്‍ ഔഷധി ജംഗ്ഷനില്‍ ടാറിംഗ് വേസ്റ്റ് ഉപയോഗിച്ച് കുഴിയടക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഇടപെട്ട് തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് തൊഴിലാളികള്‍ മിനി ലോറിയില്‍ ടാറിംഗ് വേസ്റ്റുമായി ഔഷധി ജംഗ്ഷനിലെത്തിയത്. പണി ആരംഭിച്ചതോടെ നാട്ടുകാരും ഓട്ടോത്തൊഴിലാളികളും ഇടപെട്ട് തടയുകയും ചെയ്തു. ഇവിടെ നടത്തുന്നത് പാഴ്വേലയാണെന്നും ഇപ്പോള്‍ കുഴിയടച്ചിരിക്കുന്നത് ഏത് നിമിഷവും ഇളകിപ്പോകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കുഴിയടക്കല്‍ തടസപ്പെടുത്തിയ ഇവര്‍ റോഡ്റോളര്‍ അടക്കമുള്ള വാഹനങ്ങളും തടഞ്ഞു.
പിന്നീട് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനുമായി നാട്ടുകാര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്ത് വിലകൊടുത്തും കുഴിയടക്കല്‍ തടയുമെന്ന് ഓട്ടോത്തൊഴിലാളികളും നാട്ടുകാരും പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ വാഹനങ്ങളും ജോലിക്കാരെയും തിരിച്ചയക്കുകയും ചെയ്തു. പിന്നീട് ജനങ്ങള്‍ സംഘടിച്ച് പൊതുമരാമത്ത് വകുപ്പിന്റെ പെരുമ്പാവൂരിലെ ഓഫീസിലേക്ക് ചെന്നെങ്കിലും ഇവരുടെ വരവറിഞ്ഞ് എഇ സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത്തരം ജോലികളുടെ സാങ്കേതികവശം അറിയില്ലെന്ന് ഒരു പ്രധാന ഉദ്യോഗസ്ഥന് പറഞ്ഞത് നാട്ടുകാരെ ക്ഷുഭിതരാക്കി.
എന്നാല്‍ ഈ ജോലിയൊന്നും പൊതുമരാമത്ത് വകുപ്പ് അറിഞ്ഞ് ചെയ്യുന്നതല്ലെന്നും തന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്യുന്ന അടിയന്തര ജോലിയാണെന്നും പെരുമ്പാവൂര്‍ എഇ രാജേഷ് പറഞ്ഞു. കഴിഞ്ഞദിവസം എംസി റോഡിലെ വല്ലം കവലയില്‍ ഇത്തരത്തില്‍ ഉപായംകൊണ്ട് ഓട്ടയടക്കുവാന്‍ അധികൃതര്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച മുജാഹിദ് സമ്മേളനത്തിനായി പെരുമ്പാവൂരിലെത്തുന്ന പൊതുമരാമത്ത് രാജപാതയൊരുക്കുന്നതിനായാണ് അധികൃതര്‍ ശ്രമപ്പെട്ട് ഇത്തരത്തിലൊരു പാഴ്വേല നടത്തിയതെന്നാണ് പൊതുജനാരോപണം. എന്നാല്‍ ഈ വിഷയത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: