മരട്: ഒന്നര പതിറ്റാണ്ടു നീണ്ട സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. നെട്ടൂര്‍ പ്രദേശത്തെ ബൈപ്പാസുമായി കുണ്ടന്നൂരില്‍ ബന്ധിപ്പിക്കുന്ന പാലത്തിനാണ് ഇന്നലെ ശിലാസ്ഥാപനം നടന്നത്. തങ്ങള്‍ നിരന്തര സമരത്തിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും നേടിയെടുത്ത പാലത്തിന്റെ നിര്‍മാണോദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാന്‍ നെട്ടൂര്‍ നിവാസികളായ നിരവധി പേരാണ് ഒത്തുചേര്‍ന്നത്. വൈകിട്ട് 6 ന് നടന്ന സമ്മേളനം കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്തു വകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ശിലാസ്ഥാപനം നിര്‍വഹിച്ചു. എക്സൈസ് വകുപ്പുമന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.
ശിലാസ്ഥാപന ചടങ്ങില്‍ മരട് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍, നഗരസഭാ സ്ഥിരം സമിതി അംഗങ്ങള്‍, ബിജെപി മരട് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് പി.ആര്.ശശി, ജില്ലാ കളക്ടര്‍ ഷെയ്ക് പരീത്, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലത്തിനായി സമരം നടത്തിയ റസിഡന്റ്സ് അസോസിയേഷന് കോ-ഓര്‍ഡിനേറ്റര്‍ കമ്മറ്റി ഭാരവാഹികളെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. സ്ഥാപനം കോണ്‍ഗ്രസ് പരിപാടിയാക്കി മാറ്റുവാന്‍ ശ്രമിച്ചെന്നും ആക്ഷേപം ഉയര്‍ന്നു.
നെട്ടൂരിനെ കുണ്ടന്നൂരുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 160 മീറ്ററാണ് നീളം. 11.5 മീറ്ററായിരിക്കും വീതി. നിലവിലുള്ള കുണ്ടന്നൂര്‍-തേവര പാലത്തിന് സമാന്തരമായാണ് 29.5 കോടി രൂപ ചെലവുവരുന്ന പുതിയ സമാന്തരപാലം നിര്‍മിക്കുന്നത്. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. രണ്ടുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: