ഹൈദരാബാദ്: തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐക്യ ആന്ധ്ര അനുകൂലികള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ദില്‍ തിരദേശ ആന്ധ്ര, റായല സീമ എന്നിവിടങ്ങളിലെ ജനജീവിതം താറുമാറായി.
ഇരു മേഖലകളിലെയും റോഡുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. കടകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടപ്പിച്ചു. നഗരങ്ങളിലെ പ്രധാന കവലകളില്‍ പ്രക്ഷോഭകാരികള്‍ റാലികള്‍ നടത്തി.
ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനി(എപിഎസ്ആര്ടി)ലേതടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പൂര്‍ണമായും പണിമുടക്കി. ഇവരിലേറെപ്പേരും ആഗസ്റ്റ് പകുതി മുതല്‍ പ്രതിഷേധ സമരത്തിലായിരുന്നു.
കഡപ്പ, ചിറ്റൂര്‍, ശ്രീകാകുളം ജില്ലകളില്‍ സ്വകാര്യ- പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി.
അനന്തപുര്‍ ജില്ലയില്‍ തെലങ്കുദേശം- വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെലങ്കാന രൂപവത്കരണത്തിനെതിരെ ആന്ധ്രാപ്രദേശ് നൊണ് ഗസറ്റഡ് ഓഫീസേഴ്സും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് ബന്ദ് പ്രഖ്യാപിച്ചത്. ഇതില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 72 മണിക്കൂര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ വരുംദിവസങ്ങളില്‍ ആന്ധ്ര കൂടുതല്‍ സംഘര്‍ഷഭരിതമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: