ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവിനു വ്യക്തത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്കി. സുപ്രീംകോടതി ഉത്തരവിന്റെ അവ്യക്തതമൂലം വിവിധ ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാതെ പോകുമെന്ന് സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് മുഖേന നല്കിയ അപേക്ഷയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്കിയ അപേക്ഷ ഒക്ടോബര്‍ 8ന് ചീഫ് ജസ്റ്റീസ് പി. സദാശിവം അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
കഴിഞ്ഞ മാസം 23 നാണ് പാചക വാതകത്തിനടക്കം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടതി ഉത്തരവിട്ടത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് കാര്‍ഡ് നല്‍കരുതെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് ഭരണഘടന വ്യവസ്ഥകള്‍ക്കെതിരാണെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റീസ് കെ.എസ്. പുട്ടുസ്വാമിയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. പാചകവാതക സബ്സിഡിക്കു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ പെട്രോളിയം മന്ത്രാലയത്തിന്റെ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് വേണമെന്നാണ് നിലവിലെ രീതിയെന്നും ആധാര്‍ കാര്‍ഡ് ഇല്ലങ്കില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. വാദങ്ങള്‍ അംഗീകരിച്ച കോടതി മറുപടിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോടതി ഉത്തരവിനെ എതിര്‍ത്തുകൊണ്ടുള്ള നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: