‘ഒറ്റയ്ക്ക്’ എന്ന വാക്കിന് പൂതംകരക്കാര്ക്ക് മീനാക്ഷിയമ്മ എന്നര്‍ത്ഥം. അകന്ന ബന്ധത്തില്‍ പോലും ഒരാളില്ലാതെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ കൂട്ടില്ലാതെ ഒറ്റയ്ക്ക് ഉറങ്ങിയും ഉണര്‍ന്നും വര്‍ഷങ്ങളായി കഴിയുന്ന ഒരു സ്ത്രീ. നാട് മുഴുന്‍ ആഘോഷിക്കുന്ന ഓണവും വിഷുവും ഉത്സവങ്ങളും വന്നുപോകുമ്പോഴും ഒരിക്കലും നിറമുള്ള സാരി ചുറ്റി അണിഞ്ഞൊരുങ്ങി മീനാക്ഷിയമ്മയെ ആരും കണ്ടിട്ടില്ല. അമ്പലത്തില്‍ ഉത്സവത്തിന് മേളം മുറുകി സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി പോകുമ്പോള്‍ ഏതെങ്കിലും പറമ്പില്‍ പുല്ലരിഞ്ഞും ആടിനെ മേച്ചും നില്ക്കുന്നതിനിടയില് മീനാക്ഷിയമ്മ വെറുതെ അത് നോക്കിനില്ക്കും. നല്ല ഒരു വേഷത്തില്‍ മുടി ചീകിയൊതുക്കി അവരെ കണ്ടവരാരുമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ അതൊന്നും അവരുടെ ജീവിതത്തിലെ പതിവുകളായിരുന്നില്ല.
ഇഷ്ടം തോന്നിയ പുരുഷനൊപ്പം വെറും പതിനാറാമത്തെ വയസ്സില്‍ നാടും വീടുമുപേക്ഷിച്ച് പോരുമ്പോള്‍ ഇതുവരെ അനുഭവിച്ച സങ്കടജീവിതത്തിന് സമാപനമായല്ലോ എന്ന ആശ്വാസത്തിലായിരുന്നു മീനാക്ഷി. വെളുത്തു ചുവന്ന ഒരു സുന്ദരിപ്പെണ്ണിനെ കൂട്ടിന് കിട്ടിയ സന്തോഷം ലാസറിനും.
നാഗര്‍കോവിലിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലായിരുന്നു മീനാക്ഷിയമ്മയുടെ ജനനം. അമ്മയും അച്ഛനും വളരെ ചെറുപ്പത്തിലെ മരിച്ചുപോയി. ആകെയുള്ളത് ഒരു ചേച്ചി മാത്രം. ബാധ്യത ഏറ്റെടുക്കാന്‍ മടിച്ച ബന്ധുക്കള്‍ക്ക് ചതുര്‍ത്ഥിയായിരുന്നു തങ്ങളെന്ന് മീനാക്ഷിയമ്മ പറയുന്നു. നരകജീവിതത്തിനിടയില്‍ പരിചയപ്പെട്ട ലാസറിനോട് ഇഷ്ടം തോന്നിയതും അയാള്‍ വിളിച്ചപ്പോള്‍ കൂടെയിറങ്ങി പോന്നതും ഇന്നലെ പോലെയെന്നും അവര്‍. പല സ്ഥലങ്ങളിലും പണിയെടുത്ത് അവസാനം പത്തനംതിട്ട ജില്ലയിലെ പൂതംകരയിലെത്തി. തമിഴ് കലര്‍ന്ന മലയാളമായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്. ലാസറിന്റെ ഭാര്യയായതിനാല്‍ നാട്ടിന്‍പുറത്തെ പെണ്ണുങ്ങള് മീനാക്ഷിയെ ലാസറമ്മ എന്നും ലാസറത്തി എന്നുമായിരുന്നു വിളിച്ചിരുന്നത്. സ്ഥിരം പണിയടുക്കുന്ന പറമ്പിന്റെ ഉടമ ഒരു ചെറിയ കുടില്‍ കെട്ടാന്‍ സ്ഥലവും നല്കി. ലാസറിന് വേറെ ഭാര്യയും അതില്‍ കുട്ടികളും ഉണ്ടെന്നും ലാസറത്തിയെ എവിടെനിന്നോ തട്ടിക്കൊണ്ട് പോന്നതാണെന്നുമായിരുന്നു നാട്ടിലെ സംസാരം. സുന്ദരിയായ മീനാക്ഷിയെ അടുത്തുകാണാനും സംസാരിക്കാനും അന്ന് പെണ്ണുങ്ങള് അവര്‍ പുറത്തിറങ്ങുന്നതും കാത്തിരിക്കുമായിരുന്നു. ശരിക്കും സുന്ദരിയായിരുന്നു മീനാക്ഷിയമ്മ, പോരാത്തതിന് നുള്ളിപ്പെറുക്കി തമിഴ് കലര്‍ത്തി കൊഞ്ചിയുള്ള മലയാളവും.
എന്തുകൊണ്ടോ പൂതംകര വിടുന്ന കാര്യം ലാസര്‍ മിണ്ടിയില്ല, മീനാക്ഷിയമ്മ അത് ഓര്‍മ്മിപ്പിച്ചുമില്ല. കുറച്ചുവര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. ഇരുവരും ആ നാടിന്റെ ഭാഗമായി മാറി. മദ്യപാനികള്‍ ഏറെയുള്ള ഒരു നാട്ടില്‍ ലാസറും അവര്‍ക്കൊപ്പം സന്തോഷത്തോടെ കൂടി. ഉത്സവത്തിനും ഓണത്തിനും മദ്യലഹരിയില്‍ ആര്പ്പുവിളിച്ചോടുന്ന ലാസറാണ് ഇന്നും പലരുടെയും ഓര്‍മ്മയില്‍. മദ്യപിച്ചെത്തുന്ന ലാസര്‍ മീനാക്ഷിയമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനും നാട്ടുകാര്‍ സാക്ഷിയായി. ഒടുവില്‍ ഒരു ദിവസം ലാസര്‍ തൂങ്ങിമരിച്ചു എന്ന വാര്‍ത്ത കേട്ട് പൂതംകരക്കാര് നടുങ്ങി. ഭര്‍ത്താവിന്റെ മൃതദേഹത്തിനരുകില് കരയാന്‍ പോലുമാകാതെ അന്ന് മിഴിച്ചിരിക്കുകയായിരുന്നു പാവം ലാസറത്തിയെന്ന് ഇന്നും ആ സംഭവത്തിന് സാക്ഷിയായവര്‍ ഓര്‍ത്തെടുക്കുന്നു .
അവിടെയാണ് മീനാക്ഷിയമ്മയുടെ പോരാട്ടം തുടങ്ങുന്നത്. അത്താഴത്തിനെങ്കിലുമുള്ള വക കണ്ടെത്തുക എന്നതായിരുന്ന ആദ്യകടമ്പ. മറ്റുള്ളവര്‍ക്ക് വീട്ടുപണി ചെയ്തും അകലെയുള്ള പ്ലാന്റേഷനില്‍ നിന്ന് വിറക് സംഭരിച്ച് വിറ്റും പട്ടിണി കിടക്കാതെ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്ത പ്രശ്നം. ലാസര്‍ മരിച്ചപ്പോള്‍ താമസിച്ചിരുന്ന കുടില്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. ഭര്‍ത്താവും തുണയുമില്ലാത്ത സുന്ദരിയായ മീനാക്ഷിയമ്മയെ കൂടെ താമസിപ്പിക്കാന്‍ ആരും തയ്യാറല്ല. ഒടുവില്‍ കഠിനപ്രയത്നം ചെയ്തും കടം വാങ്ങിയും ഒരു സെന്റ് സ്ഥലം വാങ്ങി അവിടെ മണ്‍കട്ട കൊണ്ടൊരു കുടില്‍ കെട്ടിയുണ്ടാക്കി. ആടിനെയും കോഴിയേയും വാങ്ങി അവയില്‍ നിന്ന് കിട്ടുന്ന വരുമാനവും മറ്റ് സമയങ്ങളില്‍ വീട്ടുപണിയുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ശ്രമം. മീനാക്ഷിയമ്മക്ക് പക്ഷേ ഒരു രാത്രിപോലും സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞില്ല. സന്ധ്യ കഴിഞ്ഞാല്‍ മുറ്റത്ത് ചെരിപ്പനക്കങ്ങളും മുരടനക്കലും മാത്രമായി. ഒരാള്‍ നിരാശനായി പോകുമ്പോള്‍ മറ്റൊരാള്‍. പകല്മാന്യന്മാരും കള്ളുകുടിയന്മാരും ഒരുപോലെ മീനാക്ഷി എന്ന പ്രലോഭനത്തില്‍ കുടുങ്ങി ക്യൂ നിന്നപ്പോഴും കെട്ടിയുണ്ടാക്കിയ ഓലമറ വാതില്‍ ഒരാള്‍ക്ക് വേണ്ടിയും അവര്‍ തുറന്നില്ല. ജാഗ്രതയോടെ രാവു മുഴുവന്‍ ഉറങ്ങാതിരുന്നു. എന്നിട്ടും ഭര്ത്താക്കന്മാരെ വിശ്വാസമില്ലാത്ത നാട്ടിലെ പെണ്ണുങ്ങള് പലപ്പോഴും അവര്‍ക്ക് നേരെ കാറിത്തുപ്പി പിറുപിറുത്തു.
തിരിച്ചുപോകാന്‍ മാര്‍ഗമില്ല. നാഗര്‍ കോവിലിലെ ഗ്രാമത്തില്‍ എത്താനുള്ള വഴിപോലും അറിയില്ല. ചെന്നാല്‍ തന്നെ കാത്തിരിക്കാനോ സ്വീകരിക്കാനോ ആരുമില്ല. മാത്രമല്ല ലാസറിന്റെ ആത്മാവ് അലഞ്ഞു നടക്കുന്ന നാട്ടില്‍ നിന്ന് തിരികെ പോകാന്‍ തനിക്ക് തോന്നിയില്ല എന്ന് ഇപ്പോള്‍ മീനാക്ഷിയമ്മ സമ്മതിക്കും. ജീവിതം ഒരു വലിയ ചോദ്യചിഹ്നമായപ്പോള്‍ സ്വരക്ഷക്ക് നായ്ക്കളെ വളര്‍ത്തി. ചീത്ത പറയുന്നവരെയും പരിഹസിക്കുന്നവരെയും അറിയുന്ന മലയാളത്തില്‍ തിരിച്ചു മറുപടി പറയാന്‍ പഠിച്ചു. അറുപത് കഴിഞ്ഞപ്പോള്‍ തന്നെ വാര്‍ദ്ധക്യം ആക്രമിച്ചു. ഇതിനിടയില്‍ ആരോഗ്യവും മോശമായിത്തുടങ്ങി. പഴയ പോലെ പണിയെടുക്കാനാകാതെ വന്നപ്പോള്‍ പട്ടിണി കിടക്കേണ്ടി വരുമോ എന്ന പേടിയും തുടങ്ങി. പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയപ്പോള്‍ സിമന്റ് കട്ടയില്‍ ഒരുമുറി മാത്രമുള്ള ഒരു കുഞ്ഞുവീട് അധികൃതര്‍ നിര്‍മ്മിച്ചു നല്കി. കെട്ടുറപ്പുള്ള ഒറ്റമുറിയില്‍ ജീവിതം തുടങ്ങിയപ്പോഴേക്കും ജീവിത സായാഹ്നവുമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട മീനാക്ഷയമ്മയെ ഒന്നു കൂടി കാണാനെത്തിയപ്പോള്‍ ഒറ്റമുറിയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അവര്‍. തീര്‍ത്തും അവശയായി. പഴയ സൗന്ദര്യത്തിന്റെ അവസാന സൂചനയും നഷ്ടപ്പെട്ട മുഖം.
എഴുന്നേല്ക്കാന് പോലുമാകാത്ത അവശതയാണ് മിക്ക ദിവസവും. മൂന്ന് നേരവും ഭക്ഷണം നല്കുന്ന അയല്‍വീട്ടിലേക്ക് ഇറങ്ങിച്ചെല്ലാം. പക്ഷേ കയറ്റം കയറി തിരികെവരുക ഏറെ ശ്രമകരം. നടക്കാന്‍ മടിച്ച് രാവിലെ കിട്ടുന്നത് ഉച്ചക്കും രാത്രിയിലും മിച്ചം വച്ച് കഴിക്കുമെന്ന് മീനാക്ഷിയമ്മ പറഞ്ഞു. ഇനിയെത്രനാള്‍ ഇവിടെ ഇങ്ങനെ എന്ന ചോദ്യത്തിന് മുന്നില്‍ മീനാക്ഷിയമ്മക്ക് ഒരുത്തരവുമില്ല. പഴയ കാര്യങ്ങളെക്കുറിച്ചോര്മ്മിപ്പിച്ചപ്പോള് ജീവിക്കാന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് നിസ്സംഗമായ വാക്കുകളില്‍ ഉത്തരം. അനുഭവങ്ങള്‍ ചിലപ്പോള്‍ കാലത്തെപ്പോലും വെല്ലുവിളിക്കുന്നതുപോലെ. ജീവിതം കടപുഴക്കിയെടുത്ത അഗ്നിപരീക്ഷണങ്ങള്ക്ക് പിന്നീട് മഞ്ഞിന്‍കട്ടയുടെ തണുപ്പ് മാത്രം. ചില ഓര്‍മ്മകളോടുള്ള പ്രതികരണം നിര്‍വികാരമായ ചിരി മാത്രം. ഒന്നും മറന്നിട്ടല്ല, ജീവിതം ഒരേസമയം യുദ്ധവും തപസ്സുമാകുമ്പോള് ഇങ്ങനെയേ പ്രതികരിക്കാനാകൂ. അല്ലെങ്കില്‍ എട്ടും പൊട്ടും തിരിയാത്ത ഒരു പാവം സ്ത്രീക്ക് തീര്‍ത്തും അപരിചിതമായ ഒരു നാട്ടില്‍ സമനില നഷ്ടമാകാതെ, അഭിമാനം പണയം വയ്ക്കാതെ ജീവിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് പോരാട്ടമാണ് നടത്താനാകുക. മഴ തകര്‍ക്കുന്ന ഒരു രാത്രിയിലോ ഉഷ്ണം പെയ്യുന്ന ഏതോ പകലിലോ ഒറ്റമുറിയില്‍ ഈ ജീവനാളം ആരുമറിയാതെ പൊലിഞ്ഞു പോയേക്കാം. അതിന് മുമ്പ് അവരെ കാണാന്‍ ഒരു മനുഷ്യകാലടിയും നടവഴി തെളിയാത്ത ഈ മുറ്റത്ത് പതിക്കുമെന്ന് തോന്നുന്നില്ല. ആരുമറിയാത്തൊരു വിയോഗത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മയായി നാളെ മീനാക്ഷിയമ്മയെ കേള്‍ക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു, മനുഷ്യസ്നേഹികളോട്.
രതി. എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: