എട്ടു വയസ്സിനിടയില്‍ 200 വേദികളില്‍ കഥാപ്രസംഗം നടത്തി ലിന്‍ഷ വിസ്മയമാകുന്നു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ലിന്‍ഷ കഴിഞ്ഞ ഗാന്ധിജയന്തിദിനത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഥാപ്രസംഗം അവതരിപ്പിച്ചുകൊണ്ട് തന്റെ ഇരുന്നൂറാം വേദി പിന്നിട്ടത്. ഏറ്റവും കൂടുതല്‍ വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഏറ്റവും പ്രായം കുറ ഞ്ഞ കഥാപ്രസംഗ കലാകാരിയെന്ന ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സിലേക്ക് കാല് വയ്ക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു കലാകാരി.
സാധാരണക്കാരുടെ വിഷമങ്ങളും കഷ്ടതകളും കഥക്ക് വിഷയങ്ങളാക്കി സമൂഹത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചാണ് കലാകാരി വേദികളില്‍ നിന്നും വേദികളിലേക്ക് പ്രയാണം നടത്തുന്നത്. ആദ്യകാല നാടകനടനായിരുന്ന തന്റെ മുത്തച്ഛന് കീഴറയിലെ കൃഷ്ണന് നായരില്‍ നിന്നാണ് ലിന്‍ഷ കഥാപ്രസംഗ കലയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. കണ്ണൂരിലെ കഥാപ്രസംഗ പരിശീലന കളരിയില്‍ മുത്തച്ഛനോടൊപ്പം പോകാറുണ്ടായിരുന്ന ലിന്‍ഷ മറ്റുള്ളവര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം കണ്ട് തന്നെയും ഈ കഥകള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സാമൂഹ്യ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളുന്ന വിഷയം തെരഞ്ഞെടുത്ത് കഥാപ്രസംഗകഥ രചിക്കുകയും ഇത് കൊച്ചുമകളായ ലിന്‍ഷയെ പഠിപ്പിക്കുകയുമായിരുന്നു. മുത്തച്ഛനെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ലിന്‍ഷ ഇത് പഠിച്ചെടുക്കുകയും ഭാവാത്മകമായും അക്ഷര വ്യക്തതയോടെയും അവതരിപ്പിച്ച് കഥാപ്രസംഗ സപര്യക്ക് തുടക്കമിടുകയുമായിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വേദികളില്‍ ലിന്‍ഷ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. മുംബൈയില്‍ മലയാളി സമാജത്തിന്റെ ആഘോഷ പരിപാടിയില്‍ ആടിയും പാടിയും കഥ അവതരിപ്പിച്ച് ഈ കൊച്ചുമിടുക്കി ജനശ്രദ്ധ നേടി.
കൊതുകിന്റെ വ്യാപനവും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും വിഷയമാക്കി അവതരിപ്പിച്ച കഥാപ്രസംഗം, എന്‍ഡോസള്‍ഫാന്‍ പ്രശ്നം, കള്ളുഷാപ്പ്, നിങ്ങള്‍ക്കുമില്ലേ മക്കള്‍, മാക്കപ്പോതി, കുട്ടിശാസ്തന്‍ തുടങ്ങി നിരവധി ഭിന്നങ്ങളായ വിഷയങ്ങള്‍ ലിന്‍ഷ അവതരിപ്പിച്ചു കഴിഞ്ഞു. വടക്കേ മലബാറിലെ കതിവന്നൂര്‍ തെയ്യത്തിന്റെ പുരാവൃത്തമാണ് തന്റെ ഇരുന്നൂറാമത്തെ വേദിയില്‍ ലിന്‍ഷ അവതരിപ്പിച്ചത്.
പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കുളിനടുത്ത വളപട്ടണം ടെയില്‍സ് കമ്പനി മാനേജര്‍ സുനില്‍കുമാറിന്റേയും ജിഷയുടേയും രണ്ടാമത്തെ മകളാണ് ലിന്‍ഷ. ചെറുകുന്ന് ബക്കീത്ത ഇംഗ്ലീഷ് മീഡിയം നാലാം തരം വിദ്യാര്‍ത്ഥിനിയായ ലിന്‍ഷയുടെ സഹോദരി ഷല്നിയും കഥാപ്രസംഗ വേദിയില്‍ ഏറെ ശോഭിച്ചിട്ടുണ്ട്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: