പി.വത്സല
തന്നെ വിമര്‍ശിച്ച പുകസക്കെതിരെ ശക്തമായ പ്രതികരണം നടത്തി രംഗത്തെത്തിയ പ്രശസ്ത എഴുത്തുകാരി പി. വത്സലയാണ് ഈആഴ്ച്ചയിലെ വാര്‍ത്തയിലെ സ്ത്രീ. മാതാ അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് അമ്മയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് എഴുതിയ ലേഖനത്തിന്റെ പേരിലായിരുന്നു പുരോഗമന കലാസാഹിത്യസംഘം വല്‍സലക്ക് എതിരെ വാളോങ്ങിയത്. എന്നാല്‍ വിമര്‍ശനങ്ങളെ ശക്തമായി നേരിടാന്‍ ഈ എഴുത്തുകാരിക്ക് കഴിഞ്ഞു. പുകസ നാലാംകിട എഴുത്തുകാരുടെ കേന്ദ്രമാണെന്നും ഇവരുടെ നേതൃത്വത്തില്‍ തനിക്കെതിരെ നടത്തുന്ന വിമര്‍ശനത്തിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനാണെന്നും വത്സല ആഞ്ഞടിച്ചു.
പുരോഗമനകലാസാഹിത്യസംഘത്തിന് ഇപ്പോള്‍ ആളെ കിട്ടാത്ത അവസ്ഥയാണെന്നും അഭിപ്രായസ്വാതന്ത്ര്യം വകവച്ചുകൊടുക്കാത്ത സംഘടനയാണതെന്നും തുറന്നടിച്ച് പുകസയെ നിശബ്ദമാക്കാനും വത്സലക്ക് കഴിഞ്ഞു. പി.വത്സലയുടെ പുസ്തകത്തില്‍ നിന്ന് തന്റെ അവതാരിക പിന്‍വലിക്കുകയാണെന്ന സംഘടനയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ.പി.രാജഗോപാലനും അവര്‍ തക്ക മറുപടി നല്കി. തന്റെ കഥയ്ക്ക് അവതാരികയെഴുതാന്‍ ആളെ കിട്ടാത്തതിനാല്‍ രാജഗോപാലന്‍ എന്തോ സൗജന്യം ചെയ്തുവെന്ന ധാരണയിലാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നായിരുന്നു വത്സലയുടെ പ്രതികരണം. നാലാംകൂലി എഴുത്തുകാരുടെ താവളം മാത്രമാണ് പുകസയെന്ന് കൂസലില്ലാതെ പറഞ്ഞ പി. വത്സലയെ അനുകൂലിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: